യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്ര വൈകും
തിരിച്ചിറങ്ങാൻ നിശ്ചയിച്ചിരുന്ന ഫ്ലോറിഡയിലെ മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം
ദുബൈ: യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്ര വൈകും. മോശം കാലാവസ്ഥയെ തുടർന്നാണ് മടക്കയാത്ര മാറ്റി വെച്ചത്. സെപ്തംബർ മൂന്നിന് ഭൂമിയിൽ മടങ്ങിയെത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. അതിനിടെ, ദുബൈ ഭരണാധികാരി എഴുതിയ പുസ്‌കത്തിന്റെ പ്രകാശനം നിയാദി ബഹിരാകാശ നിലയിൽ നിർവഹിച്ചു.
മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം നിയാദിയും സംഘവും പൂർത്തിയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സഹപ്രവർത്തകരോട് യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് മടക്കയാത്ര മാറ്റി വയ്ക്കേണ്ടി വന്നത്. തിരിച്ചിറങ്ങാൻ നിശ്ചയിച്ചിരുന്ന ഫ്ലോറിഡയിലെ മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ സെപ്തംബർ നാലിന് നിയാദി ഭൂമിയിൽ തിരിച്ചിറങ്ങും. നാസയുടെ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആന്ദ്രേ എന്നിവരും ഒപ്പമുണ്ടാകും.
അതിനിടെ ഫ്രം ഡെസർട്ട് ടു സ്‌പേസ് എന്ന പേരിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് കുട്ടികൾക്കായി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ബഹിരാകാശ നിലയത്തിൽ സുൽത്താൻ അൽ നിയാദി നിർവഹിച്ചു. പുസ്തത്തിന്റെ ഭാഗങ്ങൾ ബഹിരാകാശ നിലയത്തിലിരുന്ന് വായിച്ചാണ് പ്രകാശനം നിർവഹിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തകം പ്രകാശനം ചെയ്യുന്നത്