ലബനാനിലേക്കും ഗസ്സയിലേക്കും കൂടുതൽ സഹായമെത്തിച്ച് യുഎഇ

Update: 2025-01-13 18:53 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ഇസ്രായേൽ ആക്രമണത്തിന്റെ ദുരിതം നേരിടുന്ന ഗസ്സയിലേക്കും ലബനാനിലേക്കും കൂടുതൽ മാനുഷിക സഹായമെത്തിച്ച് യുഎഇ. മെഡിക്കൽ ഉപകരണങ്ങൾ അടക്കം നൂറു കണക്കിന് ടൺ അവശ്യവസ്തുക്കളാണ് യുഎഇ ഇരുരാഷ്ട്രങ്ങളിലുമെത്തിച്ചത്.

മുപ്പത്തിയഞ്ച് ലോറികൾ അടങ്ങുന്ന മൂന്ന് ദൗത്യസംഘങ്ങളിലായി 249 ടൺ അവശ്യവസ്തുക്കളാണ് യുഎഇ ഗസ്സയിലെത്തിച്ചത്. റഫ അതിർത്തി വഴിയാണ് എമിറാത്തി സംഘം ഗസ്സയിൽ പ്രവേശിച്ചത്. ഡയാലിസിസ് ഉപകരണങ്ങൾ, വീൽചെയറുകൾ, മാസ്‌കുകൾ തുടങ്ങിയവ അവശ്യവസ്തുക്കളിലുണ്ട്. ഗസ്സയിലെ ജനങ്ങൾക്കു വേണ്ടി പ്രഖ്യാപിച്ച ഓപറേഷൻ ഷിവൽറസ് നൈറ്റ് ത്രീയുടെ ഭാഗമായാണ് സഹായം.

ഇതോടെ യുഎഇ ഗസ്സയിലെത്തിക്കുന്ന സഹായം മുപ്പതിനായിരം ടണ്ണായി. 153 ദൗത്യസംഘങ്ങളിലായി 2391 ലോറികളാണ് സഹായവസ്തുക്കൾ വഹിച്ച് ഫലസ്തീനിലെത്തിയത്. യുദ്ധമാരംഭിച്ച ശേഷം ഗസ്സയ്ക്ക് ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാഷ്ട്രം യുഎഇയാണ്. ആകെ ലഭിച്ച സഹായത്തിന്റെ നാൽപ്പത്തിരണ്ട് ശതമാനവും അറബ് രാഷ്ട്രത്തിന്റേതാണ് എന്നാണ് കണക്ക്.

ഇസ്രായേൽ ആക്രമണത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ലബനാനിലേക്ക് മുവ്വായിരം ടൺ സഹായമാണ് യുഎഇയിൽ നിന്നെത്തിയത്. സഹായം വഹിച്ചുള്ള കപ്പലിനെ ലബനീസ് മന്ത്രി ഡോ. നാസർ യാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ലബനാനിലെ ദുരിതബാധിതർക്കായി നേരത്തെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് നൂറു മില്യൺ യുഎസ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News