യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി
പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച
ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ. ഗസ്സയും ലബനാനുമടക്കം വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ലണ്ടനിലായിരുന്നു കൂടിക്കാഴ്ച.
പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ആന്റണി ബ്ലിങ്കനുമായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ കൂടിക്കാഴ്ച നടത്തിയത്. യുഎഇയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങൾക്കൊപ്പം മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഗസ്സയിൽ വെടിനിർത്തൽ അത്യാവശ്യമാണെന്ന് ശൈഖ് അബ്ദുല്ല ബ്ലിങ്കനെ ധരിപ്പിച്ചു. സിവിലിയന്മാർക്ക് സുരക്ഷയൊരുക്കേണ്ടത് അതിപ്രധാനമാണ്. ലബനാനിലെ ആക്രമണവും അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് ശൈഖ് അബ്ദുല്ല ലണ്ടനിലെത്തിയത്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്നും ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക പോംവഴിയെന്നും അദ്ദേഹം ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു.