ഗസ്സയുടെ വിശപ്പിന് വിളി കേട്ട് യുഎഇ; ഭക്ഷണമെത്തിക്കാൻ പുതിയ പദ്ധതിക്ക് തുടക്കം

ബ്രഡ്, ധാന്യപ്പൊടികൾ, ബേക്കറികൾ തുടങ്ങിയവ സന്നദ്ധ സംഘങ്ങൾ ഗസ്സയിലെത്തിക്കും

Update: 2024-11-02 16:36 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ഇസ്രായേൽ യുദ്ധം തുടരുന്ന ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. ഒരു നേരത്തെ അന്നം ആഡംബരമായി മാറിയ ഗസ്സയിൽ ഭക്ഷണമെത്തിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഫലസ്തീനിൽ സഹായമെത്തിക്കുന്ന ഓപറേഷൻ ഷിവർലസ് നൈറ്റ് ത്രീയുടെ ഭാഗമായാണ് അവശ്യസാധനങ്ങളുടെ വിതരണം. ഇതുപ്രകാരം ബ്രഡ്, ധാന്യപ്പൊടികൾ, ബേക്കറികൾ തുടങ്ങിയവ സന്നദ്ധ സംഘങ്ങൾ ഗസ്സയിലെത്തിക്കും.

ഭക്ഷണത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കുന്നത് ഗസ്സയിലിപ്പോൾ പതിവു കാഴ്ചയാണ്. ഭക്ഷണം വാങ്ങി ആഹ്ലാദത്തോടെ തലയിൽ വച്ചു കൊണ്ടു പോകുന്ന ഫലസ്തീൻ ബാലന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫലസ്തീൻ മാധ്യമപ്രവർത്തകൻ മുഈൻ മുഹ്‌സിനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

അതിനിടെ, ഫലസ്തീനികൾക്കുള്ള 150 ടൺ അടിയന്തര സഹായവസ്തുക്കളുമായി യുഎഇയുടെ പന്ത്രണ്ട് ട്രക്കുകൾ കൂടി കരാതിർത്തി വഴി ഗസ്സയിൽ പ്രവേശിച്ചു. മുപ്പതിനായിരം പേർക്ക് സഹായം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. കടൽ-കര-വ്യോമ മാർഗങ്ങളിലൂടെ ഇതുവരെ നാൽപതിനായിരത്തിലേറെ ടൺ അവശ്യവസ്തുക്കൾ യുഎഇ ഗസ്സയിലെത്തിച്ചിട്ടുണ്ട്. മാനുഷിക പിന്തുണയെന്ന നിലയിൽ സഹായം ഇനിയും തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഷംസി പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News