യു എ ഇ മരുന്നും മെഡി. ഉപകരണങ്ങളും ഉൽപാദിപ്പിക്കും; വൻ പദ്ധതി

അബൂദബിയിൽ സിറിഞ്ച് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറി നിർമിക്കും

Update: 2022-10-22 18:19 GMT
Editor : banuisahak | By : Web Desk
Advertising

അബൂദബി: മരുന്നും മെഡിക്കൽ ഉൽപന്നങ്ങളും തദ്ദേശീയമായി ഉൽപാദിപ്പിക്കാനുള്ള വൻ പദ്ധതിയുമായി യു എ ഇ. അബൂദബിയിൽ സിറിഞ്ച് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറി നിർമിക്കും. ഇൻസുലിന് പകരം ഉപയോഗിക്കുന്ന ഗ്ലാർജൈൻ ഉൽപാദിപ്പിക്കാൻ റാസൽഖൈമയിൽ കേന്ദ്രം തുറക്കും. പദ്ധതിക്കായി വിവിധ മെഡിക്കൽ സ്ഥാപനങ്ങളുമായി 260 ദശലക്ഷം ദിർഹമിന്റെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

മെഡിക്കൽ സിറിഞ്ചുകൾ മുതൽ രക്തം ശേഖരിക്കുന്ന ട്യൂബുകൾ വരെ വ്യാവസായികാടിസ്ഥാനത്തിൽ രാജ്യത്തിനകത്ത് തന്നെ നിർമിക്കാൻ പ്യൂവർഹെൽത്ത് കമ്പനിയുമായാണ് ധാരണാപത്രം ഒപ്പിട്ടത്. അബൂദബി മെഡിക്കൽ ഡിവൈസ് കമ്പനി, അബൂദബി തുറമുഖ ഗ്രൂപ്പ്, അബൂദബി പോളിമർ കമ്പനി എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ധാരണപ്രകാരം അബൂദബി പോർട്ട് ഗ്രൂപ്പ് മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കാനുള്ള കേന്ദ്രം നിർമിക്കാൻ ഐകാഡ് ഒന്നിൽ സ്ഥലം വിട്ടുനൽകും. പോളിമർ കമ്പനി അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കും.

പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരം ഉപയോഗിക്കാവുന്ന ജൈവ ബദലായ ഗ്ലാർജൈൻ ഉൽപാദിപ്പിക്കാൻ പ്യുവർ ഹെൽത്തും ജുൽഫാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമാണ് മറ്റൊരു ധാരണപത്രം ഒപ്പിട്ടത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഗ്ലാർജൈൻ ഉൽപാദനത്തിന് സംവിധാനമൊരുക്കുന്നത്. റാസൽഖൈമയിലാണ് 110 ദശലക്ഷം ദിർഹം ചെലവിൽ ഗ്ലാർജൈൻ ഉൽപാദനകേന്ദ്രം നിർമിക്കുക. ഇൻസുലിന് ബദലായ മരുന്ന് ആവശ്യമുള്ള അയൽരാജ്യങ്ങളിലേക്ക് ഇതിന്റെ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് പദ്ധതി

പൊതുവിദ്യാഭ്യാസ, അത്യാനുനിക സാങ്കേതിക വിദ്യാ സഹമന്ത്രി സാറ ബിൻത് യൂസുഫ് ആൽ അമീരിയുടെ സാന്നിധ്യത്തിലാണ് മെഡിക്കൽ രംഗത്തെ വ്യവാസായ മുന്നേറ്റത്തിന് ലക്ഷ്യമിടുന്ന ധാരണാപത്രങ്ങൾ ഒപ്പിട്ടത്.

പ്യൂവർ ഹെൽത്ത് ഗ്രൂപ്പ് സി ഇ ഒ ഫർഹാൻ മാലിക്ക്, അബൂദബി മെഡിക്കൽ ഡിവൈസ് കമ്പനി സി ഇ ഒ മുനീർ ഹദ്ദാദ്, അബൂദബി തുറമുഖം ഫ്രീസോൺ വിഭാഗം മേധാവി അബ്ദുല്ല ഹുമൈദ് അൽ ഹമേലി, പോളിമർ കമ്പനിയായ ബുറുജിന്റെ സി ഇ ഒ ഹസീം സുൽത്താൻ അൽ സുവൈദി, ജുൽഫാർ ചെയർമാൻ ശൈഖ് സഖർ ബിൻ ഹുമൈദ് ആൽഖാസിമി തുടങ്ങിയവരാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News