യുഎഇ ദേശീയദിനം; എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം
രാവിലെ ഒമ്പത് മുതൽ രാത്രി രണ്ടുവരെ പരിപാടികൾ
ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ എക്‌സ്‌പോയിൽ നടക്കുന്ന പരിപാടി ആസ്വദിക്കാൻ സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് എക്‌സ്‌പോ അധികൃതർ അറിയിച്ചു. ദേശീയദിനമായ ഡിസംബർ രണ്ടിന് വർണാഭമായ പരിപാടികളാണ് എക്‌സ്‌പോയിൽ ഒരുക്കുന്നത്. സംഗീത പരിപാടികൾ, വെടിക്കെട്ട്, പരേഡ് എന്നിങ്ങനെ രാവിലെ ഒമ്പത് മുതൽ പുലർച്ച രണ്ട് വരെ എക്‌സ്‌പോയിൽ ആഘോഷമുണ്ടാകും.
രാവിലെ 10.15ന് അൽവസ്ൽ പ്ലാസയിൽ ദേശീയ പതാക ഉയർത്തും. ഏഴ് എമിേററ്റുകളിലെ 60 ഇമാറാത്തി പൗരൻമാർ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കും. 12.45ന് കളേഴ്‌സ് ഓഫ് വേൾഡ് പരേഡ് നടക്കും. ദുബൈ പൊലിസിന്റെ അശ്വാരൂഢസേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ മാർച്ചിങ് ബാൻഡും അണിനിരക്കും. യു.എ.ഇ വ്യോമസേനയുടെ അഭ്യസപ്രകടനങ്ങളും അരങ്ങേറും. മൂന്ന് മണി മുതൽ വിവിധ സംഗീത പരിപാടികൾ നടക്കും. വൈകുന്നേരം 5.30ന് ഹത്തയിൽ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ജൂബിലി പാർക്കിൽ കാണാനാകും. രാത്രി 7.30നും 10.30നും യു.എ.ഇയുടെ ചരിത്രം വിളിച്ചുപറയുന്ന സ്റ്റേജ് ഷോ അൽവസ്ൽ പ്ലാസയിൽ നടക്കും. 200 ഓളം കലാകാരൻമാർ ഇതിൽ പങ്കെടുക്കും. അണിനിരക്കും. ദേശീയ ദിന അവധി ദിവസങ്ങളിൽ രാത്രി എട്ടിന് വെടിക്കെട്ടും എക്‌സ്‌പോയിൽ ഒരുക്കുന്നുണ്ട്.