മഴയ്ക്കു വേണ്ടി പ്രാർഥിച്ച് യുഎഇ; പള്ളികളിൽ പ്രത്യേക നമസ്‌കാരം
സ്വലാത്തുൽ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന സവിശേഷ നമസ്‌കാരത്തിൽ ഭരണാധികാരികൾ അടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു
ദുബൈ: യുഎഇയിലെ പള്ളികളിലുടനീളം മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടന്നു. രാവിലെ 11 മണിക്കായിരുന്നു നമസ്‌കാരം. മസ്ജിദ് ഖതീബുമാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ആഹ്വാന പ്രകാരമായിരുന്നു മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം. സ്വലാത്തുൽ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന സവിശേഷ നമസ്‌കാരത്തിൽ ഭരണാധികാരികൾ അടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. എല്ലാ പ്രധാനപ്പെട്ട മസ്ജിദുകളിലും പ്രാർഥന നടന്നു.
മഴയ്ക്കും കാരുണ്യത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കണമെന്നായിരുന്നു പ്രസിഡണ്ടിന്റെ ആഹ്വാനം. നമസ്‌കാരത്തിനു ശേഷം അനുഗ്രഹ വർഷത്തിനായുള്ള പ്രത്യേക പ്രാർഥനയും അരങ്ങേറി. ഗൾഫ് മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന പാരമ്പര്യനിഷ്ഠയാണ് മഴയ്ക്കു വേണ്ടിയുള്ള നിസ്‌കാരം. മഴ വൈകിയാലോ വരൾച്ചയിലോ ആണ് ഈ പ്രാർഥന നിർവഹിക്കുന്നത്.
യുഎഇയിൽ 2022ലാണ് ഇതിന് മുമ്പ് മഴയ്ക്കു വേണ്ടിയുള്ള നമസ്‌കാരം നടന്നത്. അന്ന് വെള്ളിയാഴ്ചയിലെ സവിശേഷ പ്രാർഥനയായ ജുമുഅയ്ക്ക് പത്തു മിനിറ്റ് മുമ്പായിരുന്നു നമസ്‌കാരം.