രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്റെ കൈവിരലുകള്‍ തകര്‍ത്തു; യുവതിക്ക് ആറ് മാസത്തെ തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി
വഴക്കിനിടെ ഭര്‍ത്താവ് യുവതിയെ തല്ലുകയും യുവതിയുടെ കേള്‍വിക്ക് 2 ശതമാനം വൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്റെ കൈവിരലുകള്‍ തകര്‍ത്ത യുവതിക്കെതിരെ ആറ് മാസത്തെ തടവും നാടുകടത്തലും ശിക്ഷ വിധിച്ച് യുഎഇയിലെ ക്രിമിനല്‍ കോടതിയുടെ ഉത്തരവ്.
മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനായി തന്റെ ഭര്‍ത്താവ് തയാറെടുക്കുന്നതായി അറിഞ്ഞ 25 കാരിയായ ഏഷ്യന്‍ യുവതിയാണ് ഭര്‍ത്താവിന്റെ വിരലുകള്‍ തകര്‍ത്തത്.
ഈ വിഷയത്തില്‍ ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ശാരീരിക വഴക്കില്‍ കലാശിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വഴക്കിനിടെ ഭര്‍ത്താവ് യുവതിയെ തല്ലുകയും യുവതിയുടെ കേള്‍വിക്ക് 2 ശതമാനം വൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു.
മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള ഭര്‍ത്താവിന്റെ തീരുമാനവും തനിക്ക് ലഭിക്കാനുള്ള വൈവാഹികാവകാശങ്ങള്‍ നല്‍കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതും തനിക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്ന് യുവതി അധികൃതരെ അറിയിച്ചു. തന്റെ രണ്ടാം വിവാഹ തീരുമാനം അംഗീകരിക്കാതിരുന്ന ഭാര്യ, തന്നെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നെന്ന് 25 കാരനായ യുവാവ് വിശദീകരണം നല്‍കി. തര്‍ക്കം രൂക്ഷമായപ്പോഴാണ് യുവതി ഭര്‍ത്താവിന്റെ വലതുകൈ വിരലുകള്‍ ബലമായി പിന്നിലേക്ക് വലിച്ച് പിടിച്ച് തകര്‍ത്തത്.