യു.എ.ഇയിൽ ചൂടുകാലത്തെ ട്രക്കിങ് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം റാസൽഖൈമയിലെ മലനിരകളിൽ ട്രക്കിങ്ങിനിറങ്ങിയ അഞ്ചുപേരെ കാണാതായിരുന്നു
യു.എ.ഇയിൽ ചൂട് കൂടിയ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ വിനോദത്തിനായുള്ള ട്രക്കിങ് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. കഴിഞ്ഞ ദിവസം റാസൽഖൈമയിലെ മലനിരകളിൽ ട്രക്കിങ്ങിനിറങ്ങിയ അഞ്ചുപേരെ കാണാതായതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉയർന്ന ഊഷ്മാവിൽ ട്രക്കിങ് അത്യന്തം അപകടകരമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
റാസൽഖൈമയിലെ മലനിരകളിൽ ആളുകൾ കുടുങ്ങിയെന്നറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങിയ അഞ്ചുപേരെയും രക്ഷപ്പെടുത്തിയിരുന്നു. ഹെലികോപ്റ്ററിൽ മാത്രം എത്തിച്ചേരാൻ കഴിയുന്നത്ര ദുർഘടമായ പ്രദേശമായ വാദി ഖളാഅ മേഖലയിലാണ് വഴി തെറ്റിയ സംഘം കുടുങ്ങിയതെന്നാണ് റാസൽ ഖൈമ പൊലീസിലെ പ്രത്യേക ടാസ്‌ക് ഫോഴ്സ് ഡയരക്ടർ കേണൽ യൂസഫ് ബിൻ യാക്കൂബ് അറിയിച്ചത്. എയർലിഫ്റ്റിങ് വഴിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
തൊട്ടടുത്ത ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവും താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഉച്ച സമയങ്ങളിൽ താപനില ഇപ്പോഴും 40 ഡിഗ്രിക്ക് മുകളിൽ തന്നെയാണുള്ളത്.
സംഘത്തിൽ ഒരാളെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിങ്ങിനായി പുറപ്പെടാൻ ആഗ്രഹിക്കുന്നവർ അന്തരീകഷ താപനില കുറയുന്ന ദിവസങ്ങൾ വരെ കാത്തിരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ദുരിതത്തിൽപെടുന്നവരെ സഹായിക്കാനും രക്ഷിക്കാനും ഞങ്ങൾ പൂർണ്ണമായി തയ്യാറാണെങ്കിലും, ഇത്തരം അപകടങ്ങളിൽ പെടാതിരിക്കാനായി ജനങ്ങൾ തൽക്കാലത്തേക്ക് ഇത്തരം ദുർഘടമലനിരകൾ അവഗണിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.