ഹജ്ജിനൊരുങ്ങി മക്കയും മദീനയും; നാളെ മുതല്‍ ഹാജിമാരെത്തും
ബംഗ്ലാദേശില്‍ നിന്നുള്ള മുന്നൂറ്റിയൊന്നംഗ സംഘമാണ് ഹജ്ജിനായി രാജ്യത്ത് ആദ്യമെത്തുക
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്ക-മദീന നഗരികളിലേക്ക് നാളെ മുതല്‍ തീര്‍ഥാടകരെത്തും. ബംഗ്ലാദേശില്‍ നിന്നാണ് സൗദിയിലേക്ക് ആദ്യ ഹജ്ജ് സംഘമെത്തുന്നത്. നാളെ പുലര്‍ച്ചെ മൂന്നേ കാലിന് ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘവും മദീനയിലെത്തും. ഹജ്ജിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നേക്കാലിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തും. ഡല്‍ഹിയില്‍ നിന്നും 420 തീര്‍ഥാടകരാണ് മദീനയിലെത്തുക. ഇവരെ അംബാസിഡറുടേയും ഹജ്ജ് മിഷന്റേയും നേതൃത്വത്തില്‍ സ്വീകരിക്കും. ബംഗ്ലാദേശില്‍ നിന്നുള്ള മുന്നൂറ്റിയൊന്നംഗ സംഘമാണ് ഹജ്ജിനായി രാജ്യത്ത് ആദ്യമെത്തുക. ഇവരെയടക്കം സ്വീകരിക്കാന്‍ സജ്ജമാണ് ജിദ്ദയിലെ 14 ഹജ്ജ് ടെര്‍മിനലുകള്‍.
കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ ഏഴിന് കരിപ്പൂരില്‍ നിന്നാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഈ മാസം 14നാണ് ഹാജിമാരെത്തുക. കേരളക്കാരെല്ലാം എത്തുന്നത് ഇത്തവണ മദീനയിലേക്കാണ്. ഹജ്ജ് കഴിഞ്ഞവര്‍ ജിദ്ദ വഴി മടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളുടേയും പ്രധാന ശ്രദ്ധയിനി ഹജ്ജിലാണ്.