14കാരനായ ദലിത് ബാലനെ തൂണിൽ കെട്ടിയിട്ട് മർദിച്ച് സവർണജാതിക്കാർ; 10 പേർക്കെതിരെ കേസ്
നിലത്തുകൂടി വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു ക്രൂരത.
ബെംഗളുരു: മോഷണക്കുറ്റം ആരോപിച്ച് ദലിത് ബാലനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഉയർന്ന ജാതിക്കാർ. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി റൂറൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിൽ കഴിഞ്ഞദിവസം രാത്രി 9.30നാണ് സംഭവം. തുംകൂർ ജില്ലയിലെ കെമ്പദേനഹള്ളി സ്വദേശിയായ യശ്വന്തിനാണ് മർദനമേറ്റത്.
സംഭവത്തിൽ പത്ത് മേൽജാതിക്കാർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയുടേയും അമ്മയുടേയും മൊഴിയെടുത്ത ശേഷം പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പത്തു പേർക്കെതിരെയാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന യശ്വന്തിനെ, ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുടെ സ്വർണക്കമ്മലുകൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഉയർന്ന ജാതിക്കാർ അക്രമിച്ചത്. നിലത്തുകൂടി വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു ക്രൂരത.
മകനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മയെയും അക്രമികൾ മർദിച്ചു. പരിക്കേറ്റ കുട്ടിയും അമ്മയും സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് വിവരം പുറത്തറിയുന്നതും പൊലീസ് കേസെടുക്കുന്നതും.
അടുത്തിടെ, കർണാടകയിലെ കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിൽ ഹിന്ദു ദൈവത്തിന്റെ വിഗ്രഹത്തിൽ സ്പർശിച്ചതിന് ദലിത് ബാലന്‍റെ കുടുംബത്തിന് ഉയർന്ന ജാതിക്കാരായ ക്ഷേത്രക്കമ്മിറ്റി ജീവനക്കാർ 60000 രൂപ പിഴ ചുമത്തിയിരുന്നു. ദലിത് കുടുംബത്തെ ബഹിഷ്‌ക്കരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു.
സംഭവം വിവാദമാവുകയും കുടുംബം പരാതി നൽകുകയും ചെയ്തതോടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് വീട്ടിൽ നിന്ന് ദൈവങ്ങളുടെ ചിത്രങ്ങൾ ദലിത് കുടുംബം നീക്കിയിരുന്നു.