ജമ്മു കശ്മീരിൽ തീർഥാടക വാഹനത്തിനു നേരെ ഭീകരാക്രമണം; മരണം പത്തായി
വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിൽ ബസിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. 33 പേർക്ക് പരിക്കേറ്റു.
റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്.
വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. പൊലീസും നാട്ടുകാരും ചർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
രജൗരി, പൂഞ്ച്, റിയാസി എന്നീ ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നതും ഇതേ ഭീകരസംഘമാണെന്ന് പെലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് പൊലീസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ അക്രമികളെ കണ്ടെത്താൻ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.