'തണുപ്പ് സഹിക്കാനാകുന്നില്ല'; ഓടുന്ന ട്രെയിനിൽ ചാണക വറളി കത്തിച്ച് തീ കാഞ്ഞു, രണ്ടുപേർ അറസ്റ്റിൽ
ട്രെയിൻ അലിഗഢിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ആർ.പി.എഫ് ഉദ്യോസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്
മുസഫർനഗർ: ഉത്തരേന്ത്യയിൽ അതിശൈത്യം കനക്കുകയാണ്. തീകാഞ്ഞും കമ്പളിപുതച്ചുമെല്ലാമാണ് ജനങ്ങൾ തണുപ്പിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്നത്. എന്നാൽ തീ കാഞ്ഞത് ഓടുന്ന ട്രെയിനുള്ളിലാണെങ്കിലോ? അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്.
20 കാരായ രണ്ടു യുവാക്കളാണ് തണുപ്പ് സഹിക്കാനാകാതെ ട്രെയിനിനുള്ളിൽ ചാണക വറളി കത്തിച്ച് തീകാഞ്ഞത്. ഫരീദാബാദ് സ്വദേശികളായ ചന്ദൻ കുമാർ,ദേവേന്ദ്ര സിംഗ് എന്നിവരാണ് തീകാഞ്ഞത്. ട്രെയിൻ ഉത്തർപ്രദേശിലെ അലിഗഢിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ആർ.പി.എഫ് ഉദ്യോസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധനിച്ചപ്പോഴാണ് കുറച്ചുപേര്‍ ട്രെയിനുള്ളില്‍ തീ കായുന്നത് കണ്ടത്. അന്വേഷിച്ചപ്പോഴാണ് ചന്ദൻ കുമാറും ദേവേന്ദ്ര സിംഗുമാണ് ചാണകവറളി കത്തിച്ചതെന്നും തങ്ങള്‍ ഇവരോടൊപ്പം തീകായുകയിരുന്നെന്നും യാത്രക്കാര്‍ ആർ.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം തീ കാത്ത മറ്റ് 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
പ്ലാറ്റ് ഫോമുകളിലോ സ്റ്റേഷനുകൾക്ക് സമീപമോ ചാണക വറളിപോലുള്ള സാധനങ്ങൾ വിൽക്കാറില്ല. പ്രതികൾ വീട്ടിൽ നിന്ന് കൊണ്ടുവന്നതാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.