മൂന്നുവയസുകാരന്റെ മൃതദേഹം സ്‌കൂളിന്റെ ഓടയിൽ; രോഷാകുലരായ കുടുംബം സ്‌കൂളിന് തീയിട്ടു
കുട്ടി സ്‌കൂളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും പുറത്തിറങ്ങുന്നത് കണ്ടെത്താനായില്ലെന്ന് പൊലീസ്
പട്ന: കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം സ്‌കൂളിന്റെ ഓടയിൽ കണ്ടെത്തി. ബിഹാറിലെ പട്‌നയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. രോഷാകുലരായ ജനക്കൂട്ടം സ്‌കൂളിന് നേരെ ആക്രമണം നടത്തുകയും തീയിടുകയും ചെയ്തു. കുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കാണാതായ കുടുംബം സ്‌കൂളിലെത്തി അന്വേഷിച്ചു. എന്നാൽ അതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്‌കൂൾ അധികൃതർ നൽകിയ മറുപടി. സംശയം തോന്നിയ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സ്‌കൂളിന് തൊട്ടടുത്ത ഓടയിൽ കണ്ടെത്തിയത്.
പ്രകോപിതരായ മാതാപിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും റോഡുകൾ തടഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ സ്‌കൂൾ പരിസരവും അടിച്ചുതകർത്തു.
കുട്ടി സ്‌കൂളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും പുറത്തിറങ്ങുന്നത് കണ്ടെത്താനായില്ലെന്ന് പട്ന പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, വീട്ടുകാരുമായുള്ള വൈരാഗ്യമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. രാവിലെ ആറുമണിക്ക് സ്‌കൂളിൽ പോയ കുട്ടി വൈകിട്ട് അഞ്ചിന് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പിതാവ് പറഞ്ഞു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചക്ക് ശേഷം അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്നും പിതാവ് പറയുന്നു.