നേപ്പാൾ പർവതത്തിൽ ഇന്ത്യക്കാരനെ കാണാതായത് യു.എൻ സുസ്ഥിര വികസന അവബോധ ദൗത്യത്തിനിടെ

പർവതത്തിലെ ക്യാമ്പ് മൂന്നിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അനുരാ​ഗിനെ കാണാതായത്.

Update: 2023-04-18 03:48 GMT
Advertising

കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂർണ പർവതത്തിൽ ഇന്ത്യൻ പർവതാരോഹകനെ കാണാതായത് യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള അവബോധ ദൗത്യത്തിനിടെ. രാജസ്ഥാൻ കിഷൻഗഢ് സ്വദേശിയായ 34കാരൻ അനുരാ​ഗ് മാലുവിനെയാണ് കാണാതായത്.

യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി 8,000 മീറ്ററിന് മുകളിലുള്ള 14 പർവതങ്ങളും ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികളും (സെവന്‍ സമ്മിറ്റ്സ്) കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാ​ഗ്.

അന്നപൂർണ പർവതത്തിലെ ക്യാമ്പ് മൂന്നിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് അനുരാ​ഗിനെ കാണാതായതെന്ന് ട്രെക്കിങ് പര്യവേഷണം നടത്തിയ സെവൻ സമ്മിറ്റ് ട്രെക്‌സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു.

"അനുരാ​ഗിനെ കാണാതായതിന് പിന്നാലെ ഞങ്ങൾ വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വരെയും അവനെ കണ്ടെത്താനായില്ല"- ഷെർപ്പ പറഞ്ഞു. ചൊവ്വാഴ്ചയും തിരച്ചിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പർവതമാണ്. കയറാനുള്ള ബുദ്ധിമുട്ടിന്റേയും അപകടങ്ങളുടേയും കാര്യത്തിൽ ശ്രദ്ധേയമാണ് അന്നപൂർണ പർവതം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News