38 തൃണമൂല്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുമായി നല്ല ബന്ധമുണ്ട്: മിഥുന്‍ ചക്രബര്‍ത്തി

'38 എം.എൽ.എമാരിൽ 21 പേര്‍ ബി.ജെ.പിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നു'

Update: 2022-07-27 12:24 GMT
Advertising

കൊല്‍ക്കത്ത: 38 തൃണമൂൽ കോൺഗ്രസ് എം.എൽ.എമാര്‍ക്ക് ബി.ജെ.പിയുമായി നല്ല ബന്ധമുണ്ടെന്ന് നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രബർത്തി. 38 എം.എൽ.എമാരിൽ 21 പേരും ബി.ജെ.പിയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"നിങ്ങൾക്ക് ബ്രേക്കിങ് ന്യൂസ് കേൾക്കണോ? ഇപ്പോൾ 38 ടി.എം.സി എം.എൽ.എമാർക്ക് ഞങ്ങളുമായി നല്ല ബന്ധമാണ് ഉള്ളത്. അതിൽ 21 പേർ നേരിട്ട് ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നു" എന്നാണ് മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞത്.

കഴിഞ്ഞ വർഷം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കൾ ബി.ജെ.പിയിലെത്തിയിരുന്നു. എന്നിട്ടും മമത ബാനർജിയുടെ ടി.എം.സി തകർപ്പൻ വിജയം നേടി. ഇതോടെ ചില നേതാക്കള്‍ തിരികെ തൃണമൂലിലെത്തുകയും ചെയ്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 18 ലോക്‌സഭാ സീറ്റുകൾ നേടി ബി.ജെ.പി തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ പശ്ചിമ ബംഗാൾ ഘടകത്തില്‍ വിള്ളലുകളുണ്ടായി.

2014ല്‍ മിഥുന്‍ ചക്രബര്‍ത്തിയെ രാജ്യസഭയിലെത്തിച്ചത് മമത ബാനര്‍ജിയായിരുന്നു. പക്ഷെ രണ്ട് വർഷത്തിന് ശേഷം മിഥുന്‍ ചക്രബര്‍ത്തി രാജിവച്ചു. 2021 മാർച്ച് 7ന് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു.

Summary- BJP leader Mithun Chakraborty today claimed that 38 Trinamool Congress MLAs have very good relations with his party. Out of the 38, 21 are in direct contact, the actor-turned-politician said in Kolkata

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News