പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കുന്നില്ല; ഇന്ത്യയിൽ നിന്നുള്ള 42,000 ഹാജിമാർക്ക് അവസരം നഷ്ടമായേക്കും
അവസരം നഷ്ടമാകാൻ കാരണം സ്വകാര്യ ഓപ്പറേറ്റർമാരുടെ വീഴ്ചയെന്ന് കേന്ദ്രസർക്കാറും,കേന്ദ്രത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചയെന്ന് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ പരസ്പരം കുറ്റപ്പെടുത്തി


ന്യൂ ഡൽഹി: ഇത്തവണ ഇന്ത്യയിൽ നിന്നുള്ള 42,000 ഹാജിമാർക്ക് അവസരം നഷ്ടമായേക്കും. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കാത്തതാണ് കാരണം. സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർ വഴി അപേക്ഷിച്ചവരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്. അവസരം നഷ്ടമാകാൻ കാരണം സ്വകാര്യ ഓപ്പറേറ്റർമാരുടെ വീഴ്ചയെന്ന് കേന്ദ്രസർക്കാറും,കേന്ദ്രത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചയെന്ന് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ പരസ്പരം കുറ്റപ്പെടുത്തി.
52,507 സീറ്റുകളാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കായി ഈ വർഷം മാറ്റിവെച്ചത്. ഇതില്‍ 10,501 പേരുടെ വിവരങ്ങള്‍ സൗദിയുടെ ഹജ്ജ് പോർട്ടലായ നുസൂകില്‍ അപ്ലോഡ് ആയിട്ടുണ്ട്. 42,006 പേരുടെ വിവരം അപ്ലോഡ് ചെയ്യുന്നതിന് മുമ്പായി വെബ് സൗദി സർക്കാർ പൂട്ടി. വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് സമയം കഴിഞ്ഞ ശേഷമാണ് സൗദി മന്ത്രാലയം പോർട്ടൽ പൂട്ടിയത്.
താമസത്തിനുള്ള പണം അടക്കം അടക്കുകയും വിവരങ്ങള്‍ കേന്ദ്ര സർക്കാരിന് കൈമാറുകയും ചെയ്തതതായി സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർ പറയുന്നു. വിവരങ്ങള്‍ സമയബന്ധിതമായി അപ്ലോഡ് ചെയ്യേണ്ടത് കേന്ദ്ര സർക്കാർ വൃത്തങ്ങളായിരുന്നു. അത് വൈകിയതാണ് വിനയായതെന്നാണ് സ്വകാര്യ ഓപറേറ്റർമാരുടെ പരാതി. എന്നാല്‍ സ്വകാര്യ ഓപറേറ്റർമാർ വിവരം നൽകാൻ വൈകിയതാണ് പ്രശ്നമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളും പറയുന്നു.
മിക്കവാറും എല്ലാ ഓപറേറ്റർമാരും യാത്രികർക്ക് ടിക്കറ്റും എടുത്തിട്ടുണ്ട്. ഇനിയും അനുമതി ലഭിക്കാതിരുന്നാൽ വലിയ പ്രതിസന്ധിയിലേക്കാകും ഹജ്ജ് തയാറെടുത്തവരും സ്വകാര്യ ഏജന്‍സികളും എത്തിചേരുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന ഇടപെടല്‍ നടത്തിയാലേ അനിശ്ചതത്വം മാറൂ എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.