50 പൊലീസുകാർ, പരിശോധിച്ചത് 1,172 സിസിടിവി ക്യാമറകൾ; മോഷ്ടാവിനെ കണ്ടെത്താനായില്ല
അന്വേഷിക്കുന്നത് ബാങ്കിൽ നിന്ന് 6.5 ലക്ഷം രൂപ മോഷ്ടിച്ച വിമുക്തഭടനെ
ലഖ്നൗ: മോഷ്ടാവിനെ പിടിക്കാൻ പുറകിലുള്ളത് 50 പൊലീസുകാർ. പരിശോധിച്ചത് 1,172 സിസിടിവി ക്യാമറകൾ. ഉത്തർപ്രദേശിലെ ഇൻഡോറിലാണ് ശരിക്കുമുള്ള 'കള്ളനും പൊലീസും' കളി.
ഇൻഡോറിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ വിജയ് നഗർ ബ്രാഞ്ചിൽ നിന്നാണ് കഴിഞ്ഞ ദിവസം പട്ടാപകൽ ഒരാൾ മോഷണം നടത്തിയത്. ബാങ്കിലേക്ക് തോക്കുമായെത്തിയ കള്ളൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 6.5 ലക്ഷം രൂപയാണ്. 1,172 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ 12 മണിക്കൂർ വേണ്ടിവന്നു.
കുറച്ചധികം വട്ടം കറക്കിയെങ്കിലും സിസിടിവി കാമറകൾ പരിശോധിച്ചതിലൂടെ പൊലീസിന് പ്രതിയിലേക്കെത്താൻ സാധിച്ചു. കക്ഷി ഒരു വിമുക്തഭടൻ ആണത്രെ. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തെങ്കിലും പ്രതി ഒളിവിലാണ്.
ഇയാൾ ഉത്തർപ്രദേശിലെ ജന്മനാട്ടിലേക്ക് കടന്നു കളഞ്ഞു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച റെയിൻകോട്ട്, ഷൂസ്, ബാഗ്, മോട്ടോർ സൈക്കിൾ, 315-ബോർ തോക്ക് തുടങ്ങിയ നിർണായക തെളിവുകളും പൊലീസ് കണ്ടെത്തി. മോഷണം നടത്തിയതായി ഇദ്ദേഹത്തിന്റെ ഭാര്യയും സമ്മതിച്ചു.
ചൊവ്വാഴ്ച പകൽ ബാങ്കിലേക്കെത്തിയ മോഷ്ടാവ് വെടിയുതിർക്കുകയും തോക്ക് ചൂണ്ടി കൗണ്ടറിൽ നിന്ന് 6.5 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.