ഡൽഹിയിലെ 600 വർഷം പഴക്കമുള്ള പള്ളി അധികൃതർ പൊളിച്ചു

പ്രഭാത നമസ്‌കാരത്തിന് വിശ്വാസികൾ വരുന്നതിന് മുമ്പ് മസ്ജിദ് പൊളിക്കുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു

Update: 2024-01-31 16:12 GMT
Advertising

ന്യൂഡൽഹി: 600 വർഷം പഴക്കമുള്ള പള്ളി ഡൽഹി ഡവലപ്‌മെൻറ് അതോറിറ്റി (ഡിഡിഎ) അധികൃതർ പൊളിച്ചു. സൗത്ത് ഡൽഹി ജില്ലയിലെ മെഹ്‌റോളി ഭാഗത്തുള്ള പള്ളിയാണ് ജനുവരി 30ന് പൊലീസ് പിന്തുണയോടെ അധികൃതർ പൊളിച്ചത്. ജിന്നത്ത് വാലി മസ്ജിദ് ദർഗ അഖുന്ദ്ജി എന്നിങ്ങനെ അറിയപ്പെടുന്ന പള്ളി പുലർച്ചെ 5:30നും 6:00നും ഇടയിലാണ് പൊളിച്ചത്.

സുബ്ഹി (പ്രഭാത) നമസ്‌കാരത്തിന് വിശ്വാസികൾ വരുന്നതിന് മുമ്പ് മസ്ജിദ് പൊളിക്കുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു. സ്ഥലത്തെത്തിയ മസ്ജിദ് ഇമാം പള്ളിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അദ്ദേഹം മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കാൻ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. വിശ്വാസികളെ തടയാൻ പ്രദേശത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്പായി പള്ളി പൂർണമായി പൊളിച്ചെന്ന് ഇമാം സാകിർ ഹുസൈൻ പറഞ്ഞു. ജനങ്ങൾ കാണുന്നതിന് മുമ്പ് അവശിഷ്ടം നീക്കിയെന്നും പറഞ്ഞു. മസ്ജിദിൽ പ്രവേശിക്കാനോ ഖുർആൻ എടുക്കാൻ പോലുമോ ഡിഡിഎ അധികൃതർ അനുവദിച്ചില്ലെന്നും തന്റെ ഫോൺ തട്ടിയെടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിയോട് ചേർന്നുള്ള മദ്‌റസയും അധികൃതർ പൊളിച്ചുവെന്നും 22 വിദ്യാർഥികളുടെ ഭക്ഷണവും വസ്ത്രവും അവിടെയുണ്ടായിരുന്നുവെന്നും ഇമാം പറഞ്ഞു.

ഡിഡിഎയുടെ നടപടി പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് മുസ്‌ലിം സമുദായത്തിൽനിന്നുയരുന്നത്. സ്ഥലം അളന്നുതിട്ടപ്പെടുത്താൻ കോടതി ഉത്തരവുണ്ടായിട്ടും ഡിഡിഎ പള്ളി പൊളിക്കുകയായിരുന്നുവെന്നാണ് വിമർശനം.

2012ൽ ഡൽഹി ഹൈക്കോടതി അതിർത്തി നിർണയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാൽ ഡിഡിഎ അധികൃതർ ഉത്തരവ് ലംഘിച്ചുവെന്നും ഒരാൾ പറഞ്ഞു. അനധികൃത നടപടിയെ കുറിച്ച് ചോദിച്ചപ്പോൾ മുകളിൽ നിന്ന് ഉത്തരവുണ്ടെന്നായിരുന്നു ഡിഡിഎ അധികൃതരുടെ മറുപടി.

600-year-old mosque demolished by Delhi Development Authority (DDA) authorities

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News