മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാനെ തല്ലിക്കൊന്ന സംഭവം; ഏഴുപേർ അറസ്റ്റിൽ
ജവാനെ കൈയേറ്റം ചെയ്ത 15 കാരനും മാതാപിതാക്കളും ബന്ധുക്കളുമാണ് അറസ്റ്റിലായത്
അഹമ്മദാബാദ്: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാനെ തല്ലിക്കൊന്ന സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. വീഡിയോ പ്രചരിപ്പിച്ച 15 കാരനും മാതാപിതാക്കളും ബന്ധുക്കളുമാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഗുജറാത്തിലെ നാദിയാദിലെ ചക്ലാസി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 15 കാരനായ ഷൈലേഷ് ജാദവാണ് വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. പ്രതിയും പെൺകുട്ടിയും ഒരേ സ്‌കൂളിൽ പഠിക്കുന്നവരാണ്. കഴിഞ്ഞദിവസം ആൺകുട്ടി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പകർത്തുകയും ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ, ബി.എസ്.എഫ് ജവാനും കുടുംബവും 15കാരന്റെ കുടുംബത്തോട് ഇക്കാര്യം ചോദിക്കാൻ പോവുകയായിരുന്നു.
ഭാര്യ, രണ്ട് ആൺമക്കൾ, മരുമകൻ എന്നിവരോടൊപ്പമാണ് അദ്ദേഹം കൗമാരക്കാരന്റെ വീട്ടിലേക്ക് പോയത്. എന്നാൽ കുടുംബാംഗങ്ങൾ അവരെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇത് ജവാൻ എതിർത്തപ്പോൾ സംഘം അദ്ദേഹത്തേയും കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം താമസിയാതെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ജവാന്റെ കുടുംബം പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു. സൈനികന്റെ കൊലയ്ക്കു ശേഷം കൗമാരക്കാരന്റെ കുടുംബം സ്ഥലം വിട്ടെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിലാണ് കൗമാരക്കാരനടക്കം പിടികൂടിയതെന്ന് നദിയാദ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിആർ ബാജ്പേയ് എഎൻഐയോട് പറഞ്ഞു.
ജവാന്റെ മകനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പ്രതിയുടെ അച്ഛൻ ദിനേഷ് ജാദവും അമ്മാവൻ അരവിന്ദ് ജാദവും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് ഇവരെ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.