കർണാടകയിലെ 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗത്തിലെന്ന് ജാതി സെൻസസ് റിപ്പോർട്ട്

ഒബിസി സംവരണം 51 ശതമാനമാക്കാൻ നിർദേശം

Update: 2025-04-14 06:56 GMT
Editor : നബിൽ ഐ.വി | By : Web Desk
കർണാടകയിലെ 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗത്തിലെന്ന് ജാതി സെൻസസ് റിപ്പോർട്ട്
AddThis Website Tools
Advertising

ബെം​ഗളൂരു: കർണാടക ജനസംഖ്യയുടെ 70 ശതമാനം ഒബിസി വിഭാഗക്കാരെന്ന് ജാതി സെൻസസ് റിപ്പോർട്ട്. 2015ൽ നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 5.98 കോടി ആളുകൾക്കിടയിൽ 4.6 കോടി ആളുകൾ വിവിധ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണെന്ന് ജാതി സെൻസസ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

ദലിത്, ആദിവാസി, ഒബിസി വിഭാഗങ്ങൾ ചേർന്നാൽ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94 ശതമാനത്തിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. നിലവിലെ 32 ശതമാനം ഒബിസി സംവരണം 51 ശതമാനമായി ഉയർത്താൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തു. കർണാടകയുടെ രാഷ്ട്രീയ, സമുദായ സമവാക്യങ്ങളിൽ തന്നെ പ്രകടമായ മാറ്റങ്ങൾ വരുന്ന റിപ്പോർട്ടാണിത്.

കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം റിപ്പോർട്ടിന് അംഗീകാരം നൽകി. ഒബിസി വിഭാഗത്തിലെ ജാതിതിരിച്ചുള്ള കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. മുസ്‌ലിം സംവരണം നാല് ശതമാനത്തിൽ നിന്ന് 8 ശതമാനമായി ഉയർത്താനും നിർദേശമുണ്ട്. ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ട മുസ്‌ലിം ജനസംഖ്യ 75.25 ലക്ഷമാണ് (12.58 ശതമാനം). ക്രൈസ്തവർ 8.61 ലക്ഷം പേരുണ്ട് (1.44 ശതമാനം). സംസ്ഥാനത്തെ ജനസംഖ്യയുടെ 94 ശതമാനം എസ്‍സി/എസ്ടി, ഒബിസി വിഭാഗങ്ങളും ജനറൽ വിഭാഗക്കാരുടെ എണ്ണം 29.74 ലക്ഷവുമാണ്.

ഒബിസി സംവരണം 51 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് കമ്മീഷൻ്റെ പ്രധാന ശിപാർശ. നിലവിൽ 32 ശതമാനം സംവരണമാണ് ഒബിസി വിഭാഗത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്‍സി വിഭാഗത്തിന് 17 ശതമാനവും എസ്ടി വിഭാഗത്തിന് ഏഴ് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ഇതുൾപ്പെടെ ആകെ സംവരണം 75 ശതമാനമായി ഉയർത്തണമെന്നാണ് കമ്മീഷൻ്റെ ശിപാർശ.

ഏപ്രിൽ 17ന് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ മാത്രമായി മന്ത്രിസഭ യോഗം ചേരും. നിർദേശങ്ങൾ കൂട്ടായി ചർച്ച ചെയ്ത് യുക്തിസഹമായി മാത്രമേ നടപ്പിലാക്കൂ എന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News