ഒരു കുപ്പി വെള്ളത്തിൽ 2,40,000 പ്ലാസ്റ്റിക് അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം
ഓരോ തവണ കുപ്പി തുറന്ന് അടയ്ക്കുമ്പോൾ പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലേക്ക് വീഴുന്നുണ്ടെന്നും കണ്ടെത്തൽ
ന്യൂഡൽഹി: ജീവൻ നിലനിർത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതിലൊന്ന് വെള്ളമാണ്. വെള്ളം കുടിക്കാനാകാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. എന്നാൽ കുടിക്കുന്നവെള്ളം ശുദ്ധമല്ലെങ്കിൽ അതു ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാക്കുകയെന്ന് എല്ലാവർക്കും ധാരണയുള്ളതാണ്.
അത്കൊണ്ട് തന്നെ പലരും വെള്ളം ശേഖരിക്കാനും സൂക്ഷിക്കാനുമെല്ലാം പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമാണ് ഏറെയും ഉപയോഗിക്കുന്നത്. ബ്രാൻഡുകൾ നോക്കി കുപ്പിവെള്ളം കുടിക്കാത്തവരും വാങ്ങാത്തവരും ഇല്ലാതായിരിക്കുന്നു. എന്നാൽ പ്ലാസ്റ്റിക് കുപ്പികളി വെള്ളം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പഠനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ ശരാശരി 2,40,000 (രണ്ട് ലക്ഷത്തി നാൽപതിനായിരം) പ്ലാസ്റ്റിക് അംശങ്ങൾ അടങ്ങിയിരിക്കുന്നതായി പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ കാരണമായ പ്ലാസ്റ്റിക്കുകളാണ് ഓരേ കുപ്പിവെള്ളത്തിലൂടെയും നമ്മൾ അകത്താക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പഠന റിപ്പോർട്ടിലാണ് കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം വലിയതോതിലുണ്ടെന്ന് അടയാളപ്പെടുത്തുന്നത്.‘നാനോപ്ലാസ്റ്റിക്കുകളുടെ’(ഒരു മൈക്രോമീറ്ററിൽ താഴെ നീളമുള്ള അല്ലെങ്കിൽ മനുഷ്യ മുടിനാരിഴയുടെ എഴുപതിലൊന്ന് വലുപ്പം മാത്രമുള്ള പ്ലാസ്റ്റിക് കണങ്ങൾ) സാന്നിധ്യം ഉറപ്പിച്ചതോടെ കുപ്പിവെള്ളത്തിലൂടെ ഓരോ തവണയും അകത്താക്കുന്നത് ഗുരുതര രോഗങ്ങളെ കൂടിയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നു.
മുമ്പ് നടന്ന പഠനങ്ങളിൽ കുപ്പിവെള്ളത്തിൽ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യമായിരുന്നു (1 മുതൽ 5,000 മൈക്രോമീറ്റർ വരെ വലുപ്പമുള്ള കണങ്ങൾ) പ്രധാനമായും കണ്ടെത്തിയിരുന്നത്. എന്നാൽ മുമ്പ് കണക്കാക്കിയതിനേക്കാൾ 100 മടങ്ങ് പ്ലാസ്റ്റിക് അംശങ്ങൾ ഉണ്ടെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
മൈക്രോപ്ലാസ്റ്റിക്കുകളേക്കാൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാൻ കരുത്തുള്ളതാണ് കുടിവെള്ളത്തിലെ നാനോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം. ഇവ മനുഷ്യകോശങ്ങളിലും രക്ത ധമനികളിലും പ്രവേശിക്കുന്നതോടെ അവയവങ്ങൾക്ക് ഗുരുതരമായ പരിക്കുകളേൽപ്പിക്കും. ഇതിനൊപ്പം ഗർഭസ്ഥ ശിശുക്കളിൽ വരെ ഇവക്ക് കടക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
യുഎസിലെ മൂന്ന് ജനപ്രിയ ബ്രാൻഡുകളിലെ 251 ലിറ്റർ കുപ്പി വെള്ളത്തിലാണ് പഠനം നടത്തിയത്. (കമ്പനികളുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല). ഓരോ ലിറ്ററിലും 110,000 മുതൽ 370,000 വരെ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തി. അവയിൽ 90 ശതമാനവും നാനോപ്ലാസ്റ്റിക് ആണ്. വെള്ളം നിറക്കാനുപയോഗിക്കുന്ന കുപ്പികൾ, ഫിൽട്ടറുകൾ, പൈപ്പുകൾ,ടാപ്പുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് അംശങ്ങൾ വെള്ളത്തിൽ കലരുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഓരോ തവണയും കുപ്പി തുറന്ന് അടയ്ക്കുമ്പോഴും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലേക്ക് വീഴുന്നുണ്ടെന്ന് 2021 ലെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.ഓരോ വർഷവും 450 ദശലക്ഷത്തിലധികം ടൺ പ്ലാസ്റ്റിക്കുകളാണ് ലോകത്ത് ഉത്പാദിപ്പിക്കുന്നത്. അവയിൽ ഭൂരിഭാഗവും വലിച്ചെറിയപ്പെടുകയും മാലിന്യക്കൂമ്പാരങ്ങളിൽ അടിഞ്ഞ് കൂടുകയുമാണ്. നശിക്കാതെ കിടക്കുന്ന ഇവ കാലക്രമേണ മണ്ണിലും വെള്ളത്തിലും കലരുകയാണ്.