പീഡനശ്രമം ചെറുത്തു; മധ്യപ്രദേശിൽ 25കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞു
ഉത്തർപ്രദേശിലെ ബാന്ദ ജില്ലക്കാരിയാണ് യുവതിയെന്നും ഛത്രപൂർ ജില്ലയിലെ ഭാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച് മടങ്ങവേയാണ് ഇവർ അതിക്രമത്തിന് ഇരയായതെന്നും പൊലീസ്
ഛത്രാപൂർ\ജബൽപൂർ(മധ്യപ്രദേശ്): പീഡനശ്രമം ചെറുത്ത 25കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവ് പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ ഛത്രാപൂർ ജില്ലയിൽ ഖജുരാവേയിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ പരിക്കേറ്റ ഉത്തർപ്രദേശുകാരിയെ ഛത്രാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ 27ന് മധ്യപ്രദേശിലെ ഖജുരാവോ സ്‌റ്റേഷന്റെയും ഉത്തർപ്രദേശിലെ മാഹോബാ സ്‌റ്റേഷന്റെയും ഇടയിലാണ് സംഭവം നടന്നതെന്നും പീഡന ശ്രമം ചെറുത്തതിനെ തുടർന്ന് പ്രതി യുവതിയെ പുറത്തേക്കെറിയുകയായിരുന്നുവെന്നും ജബൽപൂർ ഗവൺമെൻറ് റെയിൽവേ പൊലീസിന്റെ സൂപ്രണ്ട് ഓഫ് പൊലീസ് വിനായക് വർമ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ബാന്ദ ജില്ലക്കാരിയാണ് യുവതിയെന്നും ഛത്രപൂർ ജില്ലയിലെ ഭാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച് മടങ്ങവേയാണ് ഇവർ അതിക്രമത്തിന് ഇരയായതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഖജുരാവോ പൊലീസ് സ്‌റ്റേഷനിൽ തയ്യാറാക്കിയ കുറ്റപത്രം പിന്നീട് റെയിൽവേ പൊലീസിന് കൈമാറിയെന്നും പറഞ്ഞു.
ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങവേ ട്രെയിനിൽ വെച്ച് സഹയാത്രികനായ 30കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അപ്പോൾ താൻ അയാളെ അടിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തുടർന്ന് ട്രെയിൻ രാജ്‌നഗറിലെത്താനായപ്പോൾ അയാൾ തന്നെ എടുത്തെറിയുകയായിരുന്നുവെന്നും അവർ പറഞ്ഞു.
A 25-year-old woman who resisted torture in Madhya Pradesh has been thrown out of a moving train