ഹരിയാന ബിജെപിയിൽ പ്രതിസന്ധി രൂക്ഷം; സീറ്റ് നിഷേധിച്ചതിന് മുൻ മന്ത്രി പാർട്ടി വിട്ടു

20ലേറെ നേതാക്കളാണ് ഇതുവരെ ബിജെപിയിൽനിന്ന് രാജിവെച്ചത്

Update: 2024-09-07 11:18 GMT
Advertising

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടി വിട്ട് ബിജെപി നേതാവും മുൻ മന്ത്രിയുമായ ബച്ചൻ സിങ് ആര്യ. പാർട്ടിയുടെ പ്രാഥമിക അംഗത്വവും സംസ്ഥാന പ്രവർത്തക സമിതിയിലെ ചുമതലയും ഒഴിഞ്ഞതായി അദ്ദേഹം നേതൃത്വത്തിന് അയച്ചിൽ കത്തിൽ വ്യക്തമാക്കി. നാർനൗണ്ട് മണ്ഡലത്തിൽ സീറ്റ് ലഭിക്കുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ജെജെപി വിട്ട് പാർട്ടിയിൽ ചേർന്ന മുൻ എംഎൽഎ രാംകുമാർ ഗൗതമിനാണ് ബിജെപി ടിക്കറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് ബച്ചൻ സിങ. ആര്യയുടെ രാജി.

സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഹരിയാന ബിജെപിയിൽനിന്ന് കൂട്ട കൊഴിഞ്ഞുപോക്കാണ്. ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് 20ലേറെ നേതാക്കളാണ് പാർട്ടി വിട്ടത്. ഇതിൽ മന്ത്രിയും മുൻ മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളുമുണ്ട്. 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്.

വൈദ്യുതി-ജയിൽ മന്ത്രി രഞ്ജിത് സിങ് ചൗട്ടാല, മുൻ മന്ത്രിയും ഒബിസി മോർച്ചാ നേതാവുമായ കരൺ ദേവ് കാംബോജ്, രതിയ എംഎൽഎ ലക്ഷ്മൺ നാപ എന്നിവരടക്കമുള്ളവരാണ് രാജിവെച്ചത്. രതിയ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാം​ഗമയ നാപയ്ക്ക് സീറ്റ് നിഷേധിച്ച് പകരം മുൻ സിർസ എം.പിയായ സുനിത ​ദു​ഗ്​ഗലിനാണ് ബിജെപി ടിക്കറ്റ് നൽകിയത്. നാപയ്ക്ക് വീണ്ടും ടിക്കറ്റ് നൽകാമെന്ന് ബിജെപി അറിയിച്ചെങ്കിലും വാക്ക് തെറ്റിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാപ പാർട്ടി വിട്ടത്. തുടർന്ന് അദ്ദേഹം കോൺ​ഗ്രസിൽ ചേരുകയും ചെയ്തു.

ദാദ്രി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റ് വികാസ് എന്ന ഭല്ല, ബിജെപി യുവമോർച്ച സംസ്ഥാന എക്സിക്യുട്ടീവ് അം​ഗവും സോനിപ്പത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലക്കാരനുമായിരുന്ന അമിത് ജെയ്ൻ, ഉക്‌ലാന സീറ്റ് നിഷേധിക്കപ്പെട്ട ഷംഷേർ ​ഗിൽ, ബിജെപി കിസാൻ മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുഖ്‌വീന്ദർ മാണ്ഡി, ഹിസാറിൽനിന്നുള്ള ദർശൻ ​ഗിരി മഹാരാജ്, സീമ ​ഗായ്ബിപൂർ, എച്ച്എസ്എഎം ബോർഡ് ചെയർമാനായിരുന്ന ആദിത്യ ചൗട്ടാല, ബിജെപി മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ആഷു ഷേര, ഹിസാറിലെ സാവിത്രി ജിൻഡാൽ, തരുൺ ജെയ്ൻ, ​ഗുരു​ഗ്രാമിൽനിന്നുള്ള നവീൻ ​ഗോയൽ, രെവാരിയിൽനിന്നുള്ള ഡോ. സതിഷ് ഖോല, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും മുൻ കൗൺസിലർ സഞ്ജീവ് വലേച്ചയുടെ ഭാര്യയുമായ ഇന്ദു വലേച്ച, മുൻ മന്ത്രിമാരായ ബച്ചൻ സിങ് ആര്യ, ബിഷാംബേർ ബാൽമീകി, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പണ്ഡിറ്റ് ജി.എൽ ശർമ, രെവാരിയിൽനിന്നുള്ള പ്രശാന്ത് സന്നി യാദവ് എന്നിവരാണ് പാർട്ടി വിട്ട മറ്റു നേതാക്കൾ.

രാജിവച്ചവരിൽ സാവിത്ര ജിൻഡാൽ, തരുൺ ജെയ്ൻ, രഞ്ജിത് ചൗട്ടാല, പ്രശാന്ത് സന്നി യാദവ് എന്നിവർ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സന്നി യാദവ് ബിജെപിയിൽ ചേർന്നത്. ജി.എൽ പണ്ഡിറ്റ് ശർമ കോൺ​ഗ്രസിൽ ചേരുമെന്നാണ് വിവരം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News