ബംഗാളിൽ ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനെ കുത്തിക്കൊന്നു
സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തിൽ ഗവർണർ ഇടപെടേണ്ടതില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് പറഞ്ഞു
കൊല്‍ക്കത്ത: ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിച്ച അക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. കൂച്ച് ബിഹാറില്‍ ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനെ കുത്തിക്കൊന്നു. സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തിൽ ഗവർണർ ഇടപെടേണ്ടതില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആറാമത്തെ രാഷ്ട്രീയ കൊലപാതകത്തിനാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്.
കൂച്ച് ബിഹാറില്‍ ബിജെപി നേതാവിന്‍റെ ബന്ധുവിനെയാണ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ എന്ന് ബിജെപി ആരോപിച്ചു. സുജാപുരിലെ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
അതെ സമയം സംഘർഷ മേഖലകൾ സന്ദർശിച്ച ബംഗാൾ ഗവർണർക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ക്രമസമാധാനം ഗവര്‍ണറുടെ ചുമതല അല്ല. അക്രമങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നു തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് ജൂലൈ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുക.