'ഇതുവരെ പുതുക്കിയില്ലേ..; ആധാർ സൗജന്യമായി പുതുക്കാൻ ഇനി പത്ത് ദിവസം മാത്രം, എങ്ങിന ചെയ്യാം?
ആധാർ എടുത്ത് പത്ത് വർഷം കഴിഞ്ഞവർ വിവരങ്ങളൊന്നും പുതുക്കിയില്ലെങ്കിൽ പുതിയ സമയപരിധിക്കുള്ളിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും യുഐഡിഎഐ പറയുന്നു
ആധാർ വിവരങ്ങൾ സൗജന്യമായി തിരുത്താൻ കഴിയുന്ന സമയപരിധി അവസാനിക്കാൻ ഇനി പത്ത് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സെപ്തംബർ 14 വരെയാണ് ആധാർ സൗജന്യമായി തിരുത്താനുള്ള സമയ പരിധി. നേരത്തെ ജൂൺ 14 വരെയായിരുന്നു സമയം, പിന്നീടിത് മൂന്ന് മാസം കൂടി ദീർഘിപ്പിക്കുകയായിരുന്നു. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. നേരിട്ടു ചെയ്യുകയാണെങ്കിൽ സൗജന്യമാണ്. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ നൽകണം.
ആധാർ എടുത്ത് പത്ത് വർഷം കഴിഞ്ഞവർ വിവരങ്ങളൊന്നും പുതുക്കിയില്ലെങ്കിൽ പുതിയ സമയപരിധിക്കുള്ളിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും യുഐഡിഎഐ പറയുന്നുണ്ട്. ആധാർ വിവരങ്ങളുടെ കൃത്യത വർദ്ധിപ്പിക്കാനാണ് ഈ നീക്കം.
പേര്, വിലാസം, ജനനതീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ഒരു ഫീസും നൽകാതെ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം ബയോമെട്രിക് അപ്ഡേറ്റുകൾക്ക് മറ്റ് ബയോമെട്രിക് ഡാറ്റയുടെ സ്‌കാനിംഗ് ആവശ്യമാണ്, എൻറോൾമെന്റ് സെന്ററുകളിൽ ലഭ്യമായ ബയോമെട്രിക് സ്‌കാനിംഗ് മെഷീനുകൾ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാൻ കഴിയൂ.
എങ്ങിനെ പുതുക്കാം?
- uidai.gov.in. എന്ന യുഐഡിഎഐ വെബ്സൈറ്റിലേക്ക് പോകുക.
- 'മൈ ആധാർ' ടാബ് ക്ലിക്ക് ചെയ്ത് 'അപ്‌ഡേറ്റ് ആധാർ' തിരഞ്ഞെടുക്കുക.
- 'പ്രൊഡീഡ് അപ്‌ഡേറ്റ് ആധാർ' ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാർ നമ്പറും ക്യാപ്ച വെരിഫിക്കേഷൻ കോഡും നൽകുക.
- ലഭിച്ച ഒടിപി നൽകി ലോഗിൻ ചെയ്യുക.
- നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യേണ്ടവ തിരഞ്ഞെടുത്ത് പുതിയ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
- ആവശ്യമായ മാറ്റങ്ങൾ വരുത്തി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
- സ്‌കാൻ ചെയ്ത സമർപ്പിക്കേണ്ട ഡോക്യുമെന്റ്‌സ് നൽകി സബ്മിറ്റ് കൊടുക്കുക.
- ഇതോടെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി നിങ്ങൾക്ക് ഒരു അപ്ഡേറ്റ് അഭ്യർത്ഥന നമ്പർ ലഭിക്കും. അപ്‌ഡേറ്റി്‌ന്റെ ട്രാക്കിങ്ങിനായി ഇത് സൂക്ഷിക്കുക.