'ഇ.ഡി മനുഷ്യത്വരഹിതമായി പെരുമാറി'; സഞ്ജയ് സിങ് കോടതിയെ സമീപിച്ചു
കഴിഞ്ഞ ദിവസം അറസ്റ്റിലായ സഞ്ജയ് സിങ്ങിനെ അഞ്ചുദിവസക്കേക്കാണ് ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്
ഡൽഹി: എൻഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് മദ്യ അഴിമതി കേസിൽ അറസ്റ്റിലായ ആംആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് കോടതിയെ സമീപിച്ചു. ഇ.ഡിയുടെ ഹെഡ്‌ക്വോർട്ടേഴ്‌സിലെ ലോക്കപ്പിൽ നിന്നും പൊലീസ് സ്റ്റേഷൻ ലോക്കപ്പിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു.
ഇത് എതിർത്തപ്പോഴാണ് മനുഷ്യത്വ രഹിതമായി പെരുമാറിയതെന്ന് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സഞ്ജയ് സിങ്ങിനെ അഞ്ചുദിവസക്കേക്കാണ് ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങിന്റെ അനുയായി വിവേക് ത്യാഗിയെ ഇ.ഡി ചോദ്യം ചെയ്തു.
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി മനിഷ് സിസോദിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ ആം ആദ്മി നേതാവാണ് സഞ്ജയ് സിങ്. എന്നാൽ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.