ഇന്നലെ പാക് ചാരവൃത്തിക്ക് അഴിക്കുള്ളിൽ; ഇനി ജില്ലാ ജഡ്ജി-യുപി സ്വദേശിക്ക് അനുകൂലമായ വിധിയുമായി അലഹബാദ് ഹൈക്കോടതി

പാകിസ്താനു വേണ്ടി ഇന്ത്യയിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2002ൽ കാൺപൂരിലെ കോട്‌വാലി പൊലീസ് ആണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്

Update: 2024-12-16 10:58 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: പാകിസ്താനു വേണ്ടി ചാരപ്രവർത്തനം ചെയ്‌തെന്ന കേസിൽ അറസ്റ്റിലായയാൾ ജഡ്ജിയായി നിയമിതനാകുന്നു. കാൺപൂർ സ്വദേശിയായ പ്രദീപ് കുമാറിനെയാണ് അഡിഷനൽ ജില്ലാ ജഡ്ജിയായി നിയമിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. 2002ൽ ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ഇദ്ദേഹം പിന്നീട് കുറ്റവിമുക്തനായിരുന്നു.

2016ൽ നടന്ന ഉത്തർപ്രദേശ് ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷ വിജയിച്ചിരുന്നെങ്കിലും പഴയ കേസുകൾ ചൂണ്ടിക്കാട്ടി സർക്കാർ പ്രദീപിന്റെ നിയമനം തടഞ്ഞു. പാകിസ്താനു വേണ്ടി ചാരപ്രവർത്തനം, രാജ്യദ്രോഹക്കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടയാളാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ പ്രദീപ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രദീപിന്റെ റിട്ട് ഹരജിയിലാണിപ്പോൾ അലഹബാദ് കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി വന്നത്. 2025 ജനുവരി 15നകം നിയമന ഉത്തരവ് നൽകാൻ യുപി സർക്കാരിനോട് ഉത്തരവിട്ടിരിക്കുകയാണ് ജസ്റ്റിസുമാരായ സൗമിത്ര ദയാൽ സിങ്, ദോനഡി രമേശ് എന്നിവരുടെ രണ്ടംഗ ബെഞ്ച്. ഉന്നയിക്കപ്പെട്ട രണ്ട് കേസിലും പരാതിക്കാരനെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരു കേസുകളിലും ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നും ജഡ്ജിമാർ പറഞ്ഞു.

പ്രദീപ് കുമാറിനെതിരായ കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിയെയും കോടതി വിമർശിച്ചു. പ്രദീപ് ഏതെങ്കിലും വിദേശ രഹസ്യാന്വേഷണ സംഘത്തിനു വേണ്ടി പ്രവർത്തിച്ചതിനു തെളിവുകളില്ല. ഇതോടൊപ്പം പിതാവിനെതിരായ അഴിമതിക്കേസ് ഉൾപ്പെടെ യുവാവുമായി ബന്ധമില്ലാത്ത കാര്യങ്ങളും പൊലീസ് ആരോപിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

പാകിസ്താൻ രഹസ്യാന്വേഷണ സംഘത്തിനു വേണ്ടി ഇന്ത്യയിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2002ൽ കാൺപൂരിലെ കോട്‌വാലി പൊലീസ് ആണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പത്തു വർഷത്തിലേറെ നീണ്ട വിചാരണാ നടപടികൾക്കൊടുവിൽ 2014ൽ കാൺപൂരിലെ അഡിഷനൽ സെഷൻസ് കോടതി പ്രദീപിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

Summary: Arrested on charges of 'spying' for Pakistan, UP man is set to become judge in Kanpur district court a decade after his acquittal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News