ഇസ്രായേൽ അനുകൂല യു.എസ് നിലപാട്: ആക്ടിവിസ്റ്റ് കാലിഫോർണിയ സർവകലാശാല പി.എച്ച്.ഡി തിരികെ നൽകി
യു.എസിന്റെ പങ്കിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രമൺ മഗ്സസെ അവാർഡ് തിരികെ നൽകാനുള്ള തീരുമാനം ജനുവരിയിൽ പാണ്ഡ്യ പ്രഖ്യാപിച്ചിരുന്നു
ന്യൂഡൽഹി:ഫലസ്തീനെതിരെയുള്ള യുദ്ധത്തിൽ യുണൈറ്റഡ് സ്‌റ്റേറ്റസ് ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ആക്ടിവിസ്റ്റ് സന്ദീപ് പാണ്ഡെ പി.എച്ച്.ഡി തിരികെനൽകി. ബെർക്ക്ലി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ പി.എച്ച്.ഡിയാണ് പാണ്ഡ്യ തിരികെനൽകിയത്. ഗസ്സ ആക്രമണത്തിലുള്ള യു.എസിന്റെ പങ്കിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രമൺ മഗ്സസെ അവാർഡ് തിരികെ നൽകാനുള്ള തീരുമാനം ജനുവരിയിൽ പാണ്ഡ്യ പ്രഖ്യാപിച്ചിരുന്നു. 2002ലായിരുന്നു പാണ്ഡ്യക്ക് മഗ്‌സസെ അവാർഡ് ലഭിച്ചത്. സിറാക്കൂസ് സർവകലാശാലയിലെ തന്റെ ഇരട്ട എം.എസ്.സി ഡിഗ്രിയും പാണ്ഡ്യ തിരികെ നൽകിയിരുന്നു. ഗസ്സ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തന്നെയായിരുന്നു നടപടി.
ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ യുഎസിന്റെ പങ്ക് തീർത്തും അപലപനീയമാണെന്ന് സർവകലാശാലകൾക്ക് എഴുതിയ കത്തിൽ പാണ്ഡെ പറഞ്ഞു. 'യുദ്ധം അവസാനിപ്പിക്കാൻ യു.എസിന് ഒരു മധ്യസ്ഥന്റെ പങ്ക് വഹിക്കാനാകുമെന്നും ഫലസ്തീന് ഒരു സ്വതന്ത്ര രാഷ്ട്ര പദവി നൽകി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്നും ഞാൻ വിശ്വസിക്കുന്നു, പകരം അവർ സൈനികമായി ഇസ്രായേലിനെ അന്ധമായി പിന്തുണച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ കുട്ടികളടക്കം ആയിരക്കണക്കിന് നിരപരാധികളാണ് കൊല്ലപ്പെടുന്നത്' പാണ്ഡ്യ കത്തിൽ എഴുതി.
ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയാണ് യുഎസ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെർക്ക്ലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയുടെ എല്ലാ രേഖകളിൽ നിന്നും തന്റെ പേര് നീക്കം ചെയ്യാൻ പാണ്ഡ്യ അഭ്യർത്ഥിച്ചു. തന്റെ ഇരട്ട എം.എസ്.സി ബിരുദം നേടിയ സിറാക്കൂസ് യൂണിവേഴ്സിറ്റിയോടും സമാന അഭ്യർത്ഥന നടത്തി.
റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേലിന്റെ ആക്രമണത്തിൽ ഗസ്സയിൽ 32,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരിക്കുകയാണ്. ഗസ്സ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം തിങ്കളാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ നടപടി വീറ്റോ ചെയ്യുന്നതിനുപകരം യുഎസ് വിട്ടുനിൽക്കുകയായിരുന്നു. ഇത് അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഗസ്സയിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വെടിനിർത്തൽ വ്യവസ്ഥ ചെയ്യുന്നില്ല. നേരത്തെ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയങ്ങളെ യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. ഇസ്രായേലിന് അനുകൂലമായി യു.എസ് കൊണ്ടുവന്ന പ്രമേയങ്ങൾ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു.
യു.എൻ രക്ഷാ കൗൺസിലിലെ 14 അംഗങ്ങൾ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. രക്ഷാകൗൺസിലിലെ താൽക്കാലിക അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. ഇതാദ്യമായാണ് സുരക്ഷാ കൗൺസിലിൽ വെടിനിർത്തൽ പ്രമേയം പാസാകുന്നത്.
10 അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പ്രമേയം മൊസാംബിക്കിന്റെ പ്രതിനിധിയാണ് നിർദേശിച്ചത്. അതിനിടെ, പ്രമേയം വീറ്റോ ചെയ്തില്ലെങ്കിൽ യു.എസിലെ നയതന്ത്ര പ്രതിനിധകളെ തിരിച്ചുവിളിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി.