വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ; പിന്തുണച്ച് അണ്ണാമലൈ, രാഷ്ട്രീയ നീക്കമെന്ന് എഐഎഡിഎംകെ
വിജയ്‌യുടെ ജീവന് ഭീഷണിയുണ്ടെന്ന് നിരവധി ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ പരിരക്ഷ അനുവദിച്ചതെന്ന് അണ്ണാമലൈ


ചെന്നൈ: നടനും തമിഴക വെട്രികഴകം(ടിവികെ) നേതാവുമായ വിജയ്ക്ക് വൈ-കാറ്റഗറി സുരക്ഷ ഒരുക്കിയതില്‍ ദുരൂഹതയാരോപിച്ച് അണ്ണാഡിഎംകെ.
ബിജെപിയുടെ രാഷ്ട്രീയനീക്കമാണിതെന്നാണ് അണ്ണാ ഡിഎംകെ. മുതിര്‍ന്ന നേതാവ് കെ.പി. മുനുസാമി ആരോപിച്ചത്.
'എന്ത് അടിസ്ഥാനത്തിലാണ് വിജയ്ക്ക് സുരക്ഷ നല്‍ക്കുന്നതെന്ന് അറിയില്ല. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സുരക്ഷനല്‍കണം. എന്നാല്‍ ബിജെപിയുടെ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ള നടപടിയാണെന്ന് വ്യക്തമാകുമെന്നും മുനുസാമി പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് വിവരം. തമിഴ്നാട്ടില്‍ മാത്രമായിരിക്കും സുരക്ഷ നല്‍കുന്നത്. രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധസേനാംഗങ്ങള്‍ സുരക്ഷ ഒരുക്കും.
അതേസമയം, വിജയ്‌യുടെ ജീവന് ഭീഷണിയുണ്ടെന്ന് നിരവധി ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ പരിരക്ഷ അനുവദിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു.
എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ വിജയ്‌ക്ക് ഈ സുരക്ഷ നൽകാത്തത്? സുരക്ഷാ ഭീഷണി ഉണ്ടാകുമ്പോൾ, വലിയ ജനക്കൂട്ടം ഒത്തുചേരുമ്പോഴെല്ലാം, സംസ്ഥാന സർക്കാർ എന്തുകൊണ്ട് അദ്ദേഹത്തിന് സുരക്ഷ നൽകിയില്ല? തമിഴ്‌നാട്ടിൽ എക്‌സ്, വൈ, ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനങ്ങളുണ്ട്' അണ്ണാമലൈ പറഞ്ഞു.