ആഡംബര കാറിന്‍റെ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി
നികുതി കൃത്യമായി അടച്ച് ആരാധകർക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്‌മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു.
Update: 2021-07-13 10:00 GMT
നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. വാഹനത്തിന്‍റെ ആഡംബര നികുതിയടക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും നിർദേശം.
ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയാണ് കോടതി വിജയ്ക്ക് പിഴ ചുമത്തിയത്. വിജയ്‌ക്കെതിരേ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്.
സിനിമയിലെ സൂപ്പർ ഹീറോ വെറും 'റീൽ ഹീറോ' ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധകർക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്‌മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു. കോടതി വിധിയിൽ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.