29.18 ശതമാനം ഓഹരി സ്വന്തമാക്കി; എൻഡിടിവിയും അദാനിയുടെ കൈയിലേക്ക്

ഇതു കൂടാതെ 26 ശതമാനം ഓഹരികൾക്കായി ഓപ്പൺ ഓഫർ ആരംഭിക്കുമെന്നും അദാനി എന്റർപ്രൈസസ് ചൊവ്വാഴ്ച അറിയിച്ചു.

Update: 2022-08-23 16:24 GMT
Advertising

ന്യൂഡൽഹി: പ്രമുഖ മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കി അദാനി ഗ്രൂപ്പ്. അനുബന്ധ സ്ഥാപനമായ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് ഇതെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുള്ള ആർഎർപിആർ എന്ന കമ്പനിയുടെ 99.5 ശതമാനം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആർആർപിആറിന്റെ പൂർണ നിയന്ത്രണം വിസിപിഎല്ലിന്റെ കീഴിലാകും.

ഇതു കൂടാതെ 26 ശതമാനം ഓഹരികൾക്കായി ഓപ്പൺ ഓഫർ ആരംഭിക്കുമെന്നും അദാനി എന്റർപ്രൈസസ് ചൊവ്വാഴ്ച അറിയിച്ചു. എൻഡിടിവിയുടെ 26% ഓഹരികൾക്കായി അദാനി സ്ഥാപനങ്ങൾ 493 കോടിയുടെ ഓപ്പൺ ഓഫറാണ് നൽകിയിരിക്കുന്നത്. 294 രൂപയാണ് ഒരു ഷെയറിന്റെ വില. ഈ ഓഹരി ചൊവ്വാഴ്ച അഞ്ച് ശതമാനം ഉയർന്ന് 376.55 രൂപയിൽ ക്ലോസ് ചെയ്തു.

മാധ്യമബിസിനിസ് രംഗത്തേക്ക് ചുവടുവയ്ക്കുന്ന അദാനി ഗ്രൂപ്പ് അടുത്തിടെ രാഘവ് ബാലിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തുന്നതോടെ എൻഡിടിവിയുടെ എഡിറ്റോറിയൽ പോളിസിയെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ദേശീയ മാധ്യമങ്ങളിൽ ഏറെക്കുറെ സ്വതന്ത്ര്യ നിലപാട് ഉയർത്തിപ്പിടിക്കുന്ന എൻഡിടിവി മോദിയുടെ വിശ്വസ്തനായ വ്യവസായ ഭീമന്റെ കൈകളിലെത്തുന്നതോടെ സ്വതന്ത്ര്യ മാധ്യമപ്രവർത്തനം എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയാണ് വിമർശകർ ഉയർത്തുന്നത്.

എന്നാൽ, എൻഡിടിവിയുമായോ അതിന്റെ സ്ഥാപക- പ്രമോട്ടർമാരായ രാധിക, പ്രണോയ് റോയി എന്നിവരുമായോ ചർച്ച ചെയ്യാതെയാണ് ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം ഏറ്റെടുത്തതായി കാണിച്ച് വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) നോട്ടീസ് അയച്ചതെന്ന് സ്ഥാപനം പ്രസ്താവനയിൽ അറിയിച്ചു.

എൻഡിടിവിയുടെ 29.18% ഓഹരിയും ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന് സ്വന്തമാണ്. അതിന്റെ എല്ലാ ഇക്വിറ്റി ഷെയറുകളും കൈമാറാൻ വിസിപിഎല്ലിന് രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 2009-10ൽ എൻഡിടിവി സ്ഥാപകരായ രാധിക, പ്രണോയ് റോയ് എന്നിവരുമായി ഉണ്ടാക്കിയ വായ്പാ കരാറിന്റെ അടിസ്ഥാനത്തിലാണ് വിസിപിഎൽ അവകാശങ്ങൾ വിനിയോഗിച്ചത്.

എൻഡിടിവി സ്ഥാപകരും കമ്പനിയും വിസിപിഎല്ലിന്റെ ഈ അവകാശ വിനിയോഗം നടപ്പാക്കിയത് എൻഡിടിവി സ്ഥാപകരുടെ സമ്മതമില്ലാതെയാണ്. സ്ഥാപകരുടെ ഓഹരിയിൽ മാറ്റമില്ലെന്ന് എൻഡിടിവി ഇന്നലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. എൻ‌ഡി‌ടി‌വി അതിന്റെ പ്രവർത്തനത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആ പത്രപ്രവർത്തനത്തിനൊപ്പം ഞങ്ങൾ അഭിമാനത്തോടെ നിൽക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News