'അഖിലേഷ് യാദവ് പോരാളി, അബു അസ്മി ബിജെപിയുടെ ബി ടീം, ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട': എസ്പി, എംവിഎ സഖ്യം വിട്ടതിൽ ആദിത്യ താക്കറെ
മഹാരാഷ്ട്ര എസ്പി തലവനും എംഎൽഎയുമായ അബു അസ്മിക്കെതിരെയാണ് ആദിത്യ താക്കറെ രംഗത്ത് എത്തിയത്
മുംബൈ: മഹാവികാസ് അഘാഡി സഖ്യം(എംവിഎ) വിടാനുള്ള സമാജ്‌വാദി പാർട്ടി(എസ്പി)യുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഉദ്ധവ് വിഭാഗം ശിവസേന നേതാവ് ആദിത്യ താക്കറെ.
മഹാരാഷ്ട്ര എസ്പി തലവനും എംഎൽഎയുമായ അബു അസ്മിക്കെതിരെയാണ് ആദിത്യ താക്കറെ രംഗത്ത് എത്തിയത്. ചിലപ്പോഴൊക്കെ ബിജെപിയുടെ 'ബി ടീമിനെ' പോലെയാണ് അസ്മി പെരുമാറിയിരുന്നതെന്ന് ആദിത്യ താക്കറെ ആരോപിച്ചു. എന്നാൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ കാര്യം അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'' അഖിലേഷ് യാദവൊരു പോരാളിയാണ്. എന്നാൽ അവരുടെ പാര്‍ട്ടി മഹാരാഷ്ട്രയില്‍ പെരുമാറുന്നത് ബിജെപിയുടെ 'ബി ടീമിനെപ്പോലെയാണ്'. ഞങ്ങളത് നേരത്തെ മനസിലാക്കിയതാണ്'' - ആദിത്യ താക്കറെ പറഞ്ഞു.
'' ഞങ്ങളുടെ ഹിന്ദുത്വ എന്നത് വ്യക്തമാണ്. ഞങ്ങളൊരിക്കലും ഹിന്ദുത്വവാദികളല്ലെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍, ഞങ്ങളുടെ ഹിന്ദുത്വത്തില്‍, ഹൃദയത്തിൽ രാമനുണ്ട്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണത്. ബി ടീമുകൾ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട, ഉദ്ധവ് താക്കറെ എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് മഹാരാഷ്ട്ര കണ്ടതാണ്''- ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആദിത്യ താക്കറെയുടെ വിമര്‍ശനത്തിനെതിരെ സമാജ്‌വാദി പാർട്ടി എംഎൽഎ റെയ്‌സ് ഷെയ്‌ഖ് രംഗത്ത് എത്തി. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആദിത്യ താക്കറെ ഉയര്‍ത്തുന്നതെന്ന് റെയ്‌സ് ഷെയ്‌ഖ് പറഞ്ഞു.
'' ഞങ്ങൾ രണ്ട് ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ആതില്‍ ആദ്യത്തേത്, നിങ്ങൾ കടുത്ത ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക് നീങ്ങുകയാണോ എന്നാണ്. രണ്ടാമത്തേത്, ആരൊക്കെയാണ് നിങ്ങള്‍ക്ക് വോട്ട് തന്നത് എന്നാണ്. ഈ കാര്യങ്ങളിലൊന്നും വ്യക്തത വരുത്താതെ, ഞങ്ങൾ ശക്തമായി എതിർക്കുന്ന ബിജെപിയുടെ ബി ടീം എന്ന ആരോപണമാണ് ആദിത്യ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കും''- റെയ്‌സ് ഷെയ്‌ഖ് വ്യക്തമാക്കി.
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നര്‍വേകറുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ എംവിഎയില്‍ നിന്നും വിടാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചത്.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 32ാം വാര്‍ഷികത്തില്‍ മിലിന്ദ് നര്‍വേകര്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയാ പോസ്റ്റാണ് സമാജ് വാദി പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ബാബരി പൊളിച്ചവരെ ഓർത്ത് അഭിമാനം കൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ബാബരി മസ്ജിദിന്റെതും ശിവസേന സ്ഥാപകനായ ബാല്‍ താക്കറേയുടെ ചിത്രവും അടങ്ങുന്നതായിരുന്നു പോസ്റ്റ്. ഉദ്ദവ് താക്കറേയുടേയും ആദിത്യ താക്കറേയുടേയും ചിത്രവും മിലിന്ദ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മഹാരാഷ്ട്ര നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് എംവിഎ സഖ്യ കക്ഷികള്‍ വിട്ടുനിന്നിരുന്നുവെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള സഖ്യത്തിന്റെ തീരുമാനം ലംഘിച്ച് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരായ അബു അസിം ആസ്മിയും റെയ്‌സ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
സമാജ്‌വാദി പാര്‍ട്ടിക്ക് ഒരിക്കലും സാമുദായിക പ്രത്യയശാസ്ത്രത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മഹാ വികാസ് അഘാഡിയില്‍ നിന്ന് ഞങ്ങള്‍ സ്വയം പിന്മാറുകയാണെന്നുമായിരുന്നു ആസ്മി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്.