ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നതിന് പിന്നാലെ ശരദ് പവാറിന്റെ വീട്ടിലെത്തി അജിത് പവാർ

ജൂലൈ രണ്ടിനാണ് അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്.

Update: 2023-07-15 06:57 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്ന നാടകീയ നീക്കത്തിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ആദ്യമായി ശരദ് പവാറിന്റെ വീട്ടിലെത്തി. വെള്ളിയാഴ്ചയാണ് അജിത് ശരദ് പവാറിന്റെ വീട്ടിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാറിനെ കാണാനാണ് അജിത് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രതിഭ പവാർ ശസ്ത്രക്രിയക്ക് വിധേയയായത്. അജിത് പവാറിന് തന്റെ അമ്മായി കൂടിയായ പ്രതിഭ പവാറുമായി വളരെ അടുത്ത ബന്ധമാണുള്ളത്. 2019-ൽ എൻ.സി.പി വിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ അംഗമായ അജിത്തിനെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ നിർണായ പങ്കുവഹിച്ചത് പ്രതിഭയായിരുന്നു.

ജൂലൈ രണ്ടിനാണ് അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം കൊടുക്കുന്നതിനിടെ അജിത് പവാറിന്റെ നീക്കം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായിരുന്നു.

അതേസമയം അജിത് പവാർ പക്ഷത്തിന് സുപ്രധാന വകുപ്പുകൾ നൽകിയതിൽ ശിവസേന ഷിൻഡേ പക്ഷത്തിന് കടുത്ത അമർഷമുണ്ട്. ധനകാര്യം, ആസൂത്രണം, കൃഷി തുടങ്ങിയ വകുപ്പുകളാണ് അജിത് പവാർ പക്ഷത്തിന് ലഭിച്ചത്. അമിത് ഷാ അടക്കമുള്ള ബി.ജെ.പി കേന്ദ്ര നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ധനകാര്യം അജിത് പവാറിന് വിട്ടുകൊടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News