‘അഭിനിവേശം ഞങ്ങളുടെ ബില്ലടക്കില്ല’; ശമ്പളം നൽകാത്തതിൽ ബൈജൂസിനെതിരെ ജീവനക്കാരൻ

ബൈജൂസ് ഒരു വർഷത്തിലേറെയായി പ്രതിസന്ധിയിലാണ്

Update: 2025-03-07 10:56 GMT
byjus
AddThis Website Tools
Advertising

ബെംഗളൂരു: മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയായതോടെ എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിനെതിരെ ജീവനക്കാരൻ. എന്നാൽ, കുടിശ്ശികയായ ശമ്പളം പതിയെ നൽകുമെന്ന് ഉറപ്പുനൽകി ​സിഇഒ ബൈജു രവീന്ദ്രൻ. ഹൈദരാബാദിൽനിന്നുള്ള ജീവനക്കാരനായ കൗഷിക് ലാഡെയാണ് ‘ലി​ങ്കെഡിൻ’ പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചത്.

‘നിങ്ങളുടെ അഭിനിവേശം ഞങ്ങൾ കേട്ടു. പക്ഷെ, അഭി​നിവേശം ഞങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നില്ല. നിങ്ങൾ ത്യാഗത്തെ കുറിച്ച് പറയുമ്പോൾ, ബൈജൂസിനെ കെട്ടിപ്പടുത്ത ജീവനക്കാർ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാതെ വലയുകയാണ്. ഞങ്ങളുടെ പിഎഫിൽ പണമടച്ചിട്ടില്ല. ഞങ്ങൾ ഈ കമ്പനിക്കൊപ്പം നിന്നു, ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകി, ഇപ്പോൾ ഞങ്ങൾ അതിജീവിക്കാൻ വേണ്ടി പോരാടുകയാണ്. ബൈജുവിനെ വളർത്തിയവരെ നിശ്ശബ്ദരായി കഷ്ടപ്പെടാൻ അനുവദിക്കരുത്. വാക്കുകൾ പ്രചോദിപ്പിക്കുന്നു, പക്ഷെ, പ്രവർത്തനം പ്രധാനമാണ്’ -കൗഷിക് ലാഡെ കുറിച്ചു.

ശമ്പളം വൈകുന്നത് അംഗീകരിച്ച ബൈജു രവീന്ദ്രൻ, പതിയെ നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ‘ബില്ലുകൾ അടയ്ക്കും, തിരിച്ചുവരവ് നടത്തും, കുടിശ്ശിക തീർക്കും. ഉടനടി അല്ല, വഴിയെ തീർക്കും. എനിക്ക് വേണ്ടി മാത്രമല്ല ഞാൻ പോരാടുന്നത്. അതുവരെ എന്റെ വാക്കുകളെ വിശ്വസിക്കണം. അതുവരെ നിങ്ങൾക്ക് എന്റെ വാക്കുകൾ ഉണ്ട്’ -ബൈജു മറുപടി നൽകി.

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായിരുന്ന ബൈജൂസ് ഒരു വർഷത്തിലേറെയായി പ്രതിസന്ധിയിലാണ്. 1.2 ബില്യൺ ഡോളറിന്റെ ലോണുമായി ബന്ധപ്പെട്ട് കമ്പനി കുടുങ്ങിക്കിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടുകയുണ്ടായി.

ആഗോള സമ്പന്നരുടെ പട്ടികയിൽ ഇടംനേടിയിരുന്ന ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതായുള്ള റി​പ്പോർട്ടുകളും പുറത്തുവന്നിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News