'മോഡലാണെന്ന് അറിഞ്ഞപ്പോഴാണ് അറസ്റ്റ് ചെയ്തത്; അമ്മ മരിച്ചതു പറഞ്ഞ് സഹായവാഗ്ദാനം'-സമീർ വാങ്കെഡെയ്‌ക്കെതിരെ മുൻമുൻ ധമേച്ച
'സൗമ്യ സിങ്, ബൽദേവ് എന്നിങ്ങനെ മറ്റു രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നു. കൈയില്‍ മയക്കുമരുന്നുണ്ടായിട്ടും സൗമ്യയെ വെറുതെവിട്ടു.'
മുംബൈ: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) മുംബൈ സോണൽ മുൻ തലവൻ സമീർ വാങ്കെഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മോഡൽ. കോർഡെലിയ ക്രൂയ്‌സ് ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മുൻമുൻ ധമേച്ചയാണ് അവസാനം മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. മാധ്യമശ്രദ്ധ ലഭിക്കാനാണ് മോഡലായ തന്നെ കേസിൽ കുടുക്കിയതെന്ന് അവർ ആരോപിച്ചു. വാങ്കെഡെയുടെ അഭിഭാഷകനെ കേസ് ഏൽപിക്കാൻ നിർബന്ധിച്ചെന്നും അവർ വെളിപ്പെടുത്തി.
ദേശീയ മാധ്യമമായ 'മിഡ് ഡേ'യോടാണ് മുൻമുൻ ധമേച്ചയുടെ വെളിപ്പെടുത്തൽ. സമീർ അധികാരത്തിലുണ്ടായിരുന്ന ആളായതുകൊണ്ട് ഭയന്നാണ് ഇതുവരെ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത്. സി.ബി.ഐ അദ്ദേഹത്തിനെതിരെ കേസെടുത്തതോടെ ഇനി സത്യം വെളിപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഞാൻ.'-അവർ പറഞ്ഞു.
'മാധ്യമശ്രദ്ധ ലഭിക്കാനായി മാത്രം എന്നെപ്പോലെ നിരവധി പേരെയാണ് അദ്ദേഹം കള്ളക്കേസിൽ കുടുക്കിയിട്ടുള്ളത്. മോഡലുകളും സെലിബ്രിറ്റികളുമാണ് വാങ്കെഡെയുടെ സ്ഥിരം ഇരകൾ. അത്തരം കേസുകൾക്ക് വലിയ മാധ്യമശ്രദ്ധ ലഭിക്കുമെന്നു മനസിലാക്കിയാണ് ഇത്തരമൊരു നീക്കം.'-മുൻമുൻ ധമേച്ച സൂചിപ്പിച്ചു.
ആഡംബരക്കപ്പലിലെ 'ചതി'
കോർഡെലിയ ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായതിനെക്കുറിച്ചും അവർ പ്രതികരിച്ചു. 'ആപേക്ഷികമായി അത്ര പേരുകേട്ട മോഡലല്ല ഞാൻ. കപ്പലിലെ പാർട്ടിയിൽ പങ്കെടുക്കാൻ എനിക്കൊരു ക്ഷണം ലഭിച്ചിരുന്നു. കപ്പലിലെത്തിയപ്പോൾ തന്നെ എനിക്കൊരു മുറിയും അനുവദിച്ചു. പെട്ടെന്നാണ് എൻ.സി.ബി സംഘം കപ്പലിൽ റെയ്ഡ് നടത്തുന്നത്. എനിക്ക് അനുവദിച്ച മുറിയിൽനിന്ന് മയക്കുമരുന്നും പിടിച്ചെടുത്തു. എന്റെ കൈയിലായിരുന്നില്ല അതുണ്ടായിരുന്നത്.'-അവർ തുടർന്നു.
'സൗമ്യ സിങ്, ബൽദേവ് എന്നിങ്ങനെ മറ്റു രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനായ വി.വി സിങ്ങുമായി സംസാരിച്ചതിനു പിന്നാലെ സൗമ്യ മോചിതയായി. എന്നാൽ, അവളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. എന്നിട്ടും അവരെ വിട്ടു.'
ഒന്നും പേടിക്കേണ്ടെന്നാണ് തുടക്കത്തിൽ വാങ്കെഡെ എനിക്ക് ഉറപ്പുനൽകിയത്. കേസെടുക്കാൻ മതിയായ തെളിവുകളൊന്നും എന്റെയടുത്തുനിന്ന് ലഭിച്ചിട്ടില്ല. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എന്നെ വെറുതെവിടുമെന്നാണ് പറഞ്ഞത്. എന്നാൽ, ഞാൻ മോഡലാണെന്ന് അറിഞ്ഞതോടെ വാങ്കെഡെ എന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പിന്നീടാണ് എന്നെ കോടതിയിൽ ഹാജരാക്കുന്നത്. കുടുംബവുമായി സംസാരിക്കാൻ പോലും അവരെന്നെ അനുവദിച്ചില്ല-മുൻമുൻ വെളിപ്പെടുത്തി.
'അഭിഭാഷകനെ മാറ്റിയാൽ പെട്ടെന്ന് പുറത്തിറങ്ങാം'
ലഹരിപ്പാർട്ടി കേസിൽ തനിക്കു വേണ്ടി ഹാജരായ അഭിഭാഷകനെ മാറ്റാനും വാങ്കെഡെ ആവശ്യപ്പെട്ടതായി മുൻമുൻ ധമേച്ച പറഞ്ഞു. പകരം, വാങ്കെഡെയും ഓഫിസർമാരും ചിലരുടെ പേര് പറഞ്ഞ് അവരെ കേസ് ഏൽപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അവർ നിർദേശിച്ച ഒരു അഭിഭാഷകനെ ബന്ധപ്പെടാൻ നിർദേശിച്ചു. നേരത്തെ നിശ്ചയിച്ച അഭിഭാഷകനുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കി. എന്നാൽ, അഭിഭാഷകനെ മാറ്റാൻ ആവശ്യപ്പെട്ട് വാങ്കെഡെയും വി.വി സിങ്ങും പിന്നാലെക്കൂടിയെന്നും മുൻമുൻ പറഞ്ഞു.
'വാങ്കെഡെ എന്നെ ഓഫിസിലേക്ക് വിളിച്ച് ഈ അഭിഭാഷകൻ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ മിടുക്കരാണെന്ന് വളരെ മാന്യമായി സൂചിപ്പിച്ചു. അദ്ദേഹം നിർദേശിച്ച അഭിഭാഷകനെ നിയമിച്ചാൽ പെട്ടെന്ന് ജാമ്യം ലഭിക്കുമെന്നും പറഞ്ഞു. ആദ്യം അദ്ദേഹത്തിന്റെ നിർദേശം സ്വീകരിക്കാമെന്ന് ആലോചിച്ചെങ്കിലും പിന്നീട് പഴയ അഭിഭാഷകനുമായി തന്നെ മുന്നോട്ടുപോകുകയായിരുന്നു. ഇതോടെ കൂടുതൽ പീഡനമായി.'
എന്റെ അമ്മ മരിച്ചതുകൊണ്ടാണ് സഹായിക്കുന്നതെന്നാണ് സഹായിക്കുന്നതെന്നാണ് വാങ്കെഡെ എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ അമ്മയും ഏതാനും വർഷങ്ങൾക്കുമുൻപ് മരിച്ചിരുന്നു. അതു പറഞ്ഞ് ഇതിനൊരു വൈകാരികതലം നൽകാനായിരുന്നു നീക്കം.
Summary: Model Munmun Dhamecha accuses ex-NCB officer Sameer Wankhede for framing her to get media attention in Aryan Khan drugs-on-cruise case