അമിത് ഷായെ 'പ്രധാനമന്ത്രിയാക്കി' അസം മുഖ്യമന്ത്രി; നാക്കുപിഴ- വിവാദം
ഷായെ പ്രധാനമന്ത്രിയായി അവരോധിക്കാൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടോയെന്ന ചോദ്യവുമായി കോൺഗ്രസ്
പൊതുറാലിയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ഔദ്യോഗിക പദവികൾ മാറിപ്പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നാക്കുപിഴ വിവാദമായതോടെ വെട്ടിലായിരിക്കുകയാണ് അസം മുഖ്യമന്ത്രി. 'പ്രധാനമന്ത്രി അമിത് ഷായ്ക്കും പ്രിയപ്പെട്ട ആഭ്യന്തര മന്ത്രി നരേന്ദ്ര മോദിക്കും' ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും നന്ദിയിറിയിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഷായെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്താനുള്ള ഗൂഢാലോചനയാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ അസം മുഖ്യമന്ത്രിക്ക് ആർക്കും പറ്റാവുന്ന മാനുഷിക പിഴവാണുണ്ടായതെന്നാണ് ബിജെപിയുടെ വാദം.
ഏകദേശം 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ഇപ്പോൾ അസമിലെ പ്രതിപക്ഷ പാർട്ടികൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കോൺഗ്രസും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അസം മുഖ്യമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചിട്ടുണ്ട്. 'സർബാനന്ദ്സൺവാൾ ജി മുഖ്യമന്ത്രിയായിരുന്നപ്പോൾ, എംപി പല്ലബ്ലോചന്ദസ് പല അവസരങ്ങളിലും കാബിനറ്റ് മന്ത്രി ഹിമന്തബിശ്വ ജിയെ മുഖ്യമന്ത്രിയായി പൊതുവേദികളിൽ പരാമർശിച്ചിരുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു.
അസം മുഖ്യമന്ത്രിയുടേത് നാക്കുപിഴയായി എഴുതി തള്ളാനാവില്ലെന്നാണ് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കുന്നത്.
ഷായെ പ്രധാനമന്ത്രിയായി അവരോധിക്കാൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും കോൺഗ്രസ് ഉന്നയിച്ചു. പ്രസംഗത്തിലെ പരാമർശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അസം ദേശീയ പരിഷത്തും (എജെപി) ഇതിൽ ഗൂഢമായ ഉദ്ദേശ്യങ്ങളുണ്ടെന്ന് ആരോപിച്ചു. ശർമ്മ ഷായെ പ്രധാനമന്ത്രി എന്ന് അഭിസംബോധന ചെയ്യുന്നത് നാവിന്റെ വഴുവഴുപ്പല്ല, മറിച്ച് അദ്ദേഹത്തിന്റെ തന്ത്രങ്ങളിലൊന്നാണന്ന് എ.ജെ.പി വക്താവ് സിയാവുർ റഹ്‌മാൻ ട്വീറ്റ് ചെയ്തു.എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് ബിജെപി വക്താവ് രൂപം ഗോസ്വാമി. ശർമ്മയ്ക്ക് പിഴവ് പറ്റിയതാണെന്നും ഇതാർക്കും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പിഴവ് ആരെങ്കിലും ദ്രോഹിക്കുകയോ ആർക്കെങ്കിലും ദോശമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.