1281 മദ്‌റസകൾ ജനറൽ സ്‌കൂളാക്കി അസം സർക്കാർ

സർക്കാർ നടത്തുന്ന എല്ലാ മദ്‌റസകളും ജനറൽ സ്‌കൂളാക്കാൻ 2021 ജനുവരിയിൽ അസം നിയമം പാസാക്കിയിരുന്നു

Update: 2023-12-14 08:02 GMT
Advertising

ഗുവാഹത്തി: സംസ്ഥാനത്തെ 1281 മദ്‌റസകൾ ജനറൽ സ്‌കൂളാക്കിയതായി അസം സർക്കാർ. 31 ജില്ലകളിലായി സർക്കാറിന് കീഴിലുള്ള മദ്‌റസകൾ സ്‌കൂളാക്കിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു എക്‌സിലൂടെയാണ് അറിയിച്ചത്. 'സെക്കൻഡറി എഡ്യുക്കേഷൻ ബോർഡ് ഓഫ് അസമിന്റെ (എസ്ഇബിഎ) കീഴിലുള്ള സർക്കാർ പ്രൊവിഷണലൈസ്ഡ് മദ്‌റസകൾ സ്‌കൂളാക്കി നോട്ടിഫിക്കേഷനിറക്കിയതിന്റെ ഫലമായി 1281 മദ്‌റസകളുടെ പേര് എംഇ ( മിഡിൽ ഇംഗ്ലീഷ്) മദ്‌റസയിൽ നിന്ന് എംഇ ( മിഡിൽ ഇംഗ്ലീഷ്) സ്‌കൂളാക്കി മാറ്റി' മന്ത്രി എക്‌സിൽ കുറിച്ചു. സ്‌കൂളുടെ പട്ടിക സഹിതമായിരുന്നു ട്വീറ്റ്.


സംസ്ഥാനത്ത് സർക്കാർ നടത്തുന്ന എല്ലാ മദ്‌റസകളും ജനറൽ സ്‌കൂളാക്കാൻ 2021 ജനുവരിയിൽ അസം നിയമം പാസാക്കിയിരുന്നു. പ്രൈവറ്റ് മദ്‌റസകൾ ഇതിൽ നിന്ന് ഒഴിവായപ്പോൾ, സ്‌റ്റേറ്റ് മദ്‌റസ എഡ്യുക്കേഷൻ ബോർഡിന് കീഴിലുള്ള 731 മദ്‌റസകളും അറബിക് കോളേജുകളും നിയമത്തിന്റെ പ്രതിഫലനം അനുഭവിച്ചു.

അസമിലെ 600 മദ്‌റസകൾ അടച്ചതായും ഇസ്‌ലാം മത പഠനകേന്ദ്രങ്ങളേക്കാൾ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാൽ ബാക്കിയുള്ളത് കൂടി അടയ്ക്കാൻ ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞിരുന്നു. ഈ വർഷം മാർച്ചിൽ കർണാടകയിൽ നടന്ന റാലിയിലായിരുന്നു പ്രസ്താവന.


അസമിൽ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നും ഹിമന്ത് ബിശ്വ ശർമ കഴിഞ്ഞ ജനുവരിയിലും പറഞ്ഞിരുന്നു. 'ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറയ്ക്കാൻ ഞങ്ങൾ ലക്ഷ്യമിടുകയാണ്. സ്ഥാപനങ്ങളിൽ പൊതുവിദ്യാഭ്യാസം നടപ്പാക്കുകയും രജിസ്ട്രേഷൻ ഏർപ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തിൽ സമുദായത്തോടൊപ്പം ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. അവർ അസം സർക്കാറിനെ സഹായിക്കുന്നുമുണ്ട്' ബിശ്വ ശർമ വ്യക്തമാക്കി.

തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതിൽ ലയിപ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഭാസ്‌കർ ജ്യോതി മഹന്ത പറഞ്ഞു. സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനായി സർവേ നടന്നുവരികയാണെന്നും മുസ്ലിംകൾ വലിയ അളവിലുള്ള അസം 'തീവ്രവാദികളുടെ സ്വാഭാവിക ലക്ഷ്യമാണെ'ന്നും അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിൽ 38 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയവർ പഠിപ്പിക്കുന്ന മൂന്ന് മദ്രസകൾ ഒരാഴ്ചക്കുള്ളിൽ സർക്കാർ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News