നിയമസഭാ തെരഞ്ഞെടുപ്പ്: ഗോവയിൽ ഉയർന്ന പോളിങ്; യു.പിയിലും ഉത്തരാഖണ്ഡിലും ഭേദപ്പെട്ട പോളിങ്

ഗോവയില്‍ 78.94 ശതമാനവും യു.പിയിലും ഉത്തരാഖണ്ഡിലും യഥാക്രമം 62.52 ശതമാനവും 59.61 ശതമാനവും പോളിങ് രേഖപ്പെടുത്തി

Update: 2022-02-15 04:36 GMT
Editor : Lissy P | By : Web Desk
Advertising

ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരം.ഒറ്റഘട്ടമായി  വോട്ടെടുപ്പ് നടന്ന ഗോവയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 78.94 ശതമാനം പോളിങ്ങാണ് ഗോവയിൽ രേഖപ്പെടുത്തിയത്. യു.പിയിൽ 62.52 ശതമാനവും ഉത്തരാഖണ്ഡിൽ 59.61 ശതമാനവും പോളിങ്ങും രേഖപ്പെടുത്തി. ഗോവയിലെ 40 നിയമസഭാ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ 55 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 165 നിയമസഭാ മണ്ഡലങ്ങളിലായി 36,823 പോളിങ് സ്റ്റേഷനുകളിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്.

നോർത്ത് ഗോവയിലെ സൻഖാലിം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കുനാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 78.94 ശതമാനമായിരുന്നു ഇവിടെ പോളിങ്. 11.6 ലക്ഷം വോട്ടർമാരാണ് ഗോവയിലുള്ളത് . 2017 ൽ 82.56 ശതമാനമായിരുന്നു ഗോവയിലെ പോളിങ്.

ഉത്തരാഖണ്ഡിൽ ഹരിദ്വാറിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത്. 68.33 ശതമാനം പേരാണ് ഇവിടെ വോട്ട് ചെയ്തത്. ഉത്തർപ്രദേശിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 20ന് നടക്കും.പഞ്ചാബിലെ 117 സീറ്റുകളിലേക്കും അന്നേ ദിവസം വോട്ടെടുപ്പ് നടക്കും.

കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഉത്തർ പ്രദേശിലെ രാംപൂരിലെ പോളിങ് ബൂത്തിൽ വ്യാജ വോട്ടർ ഐഡിയുമായി എത്തിയ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആറ് പേരിൽ നാലുപേരും സ്ത്രീകളാണ്

അതേ സമയം ഗോവയിലെ ഉയർന്ന വോട്ടിങ് ശതമാനം ഭരണവിരുദ്ധതയുടെ സന്ദേശമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഗോവയിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് കോൺഗ്രസ് പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാർച്ച് 10 നാണ് വോട്ടെണ്ണൽ നടക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News