അതുൽ സുഭാഷിൻ്റെ ആത്മഹത്യ; ഭാര്യയെ അറസ്റ്റ് ചെയ്തു
നികിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
ബെംഗളൂരു: ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ കേസില്‍ ഭാര്യ നികിത സിംഘാനിയയെും ഇവരുടെ അമ്മയേയും സഹോദരനെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. അതുൽ സുഭാഷുമായി വേർപിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. മൂന്നേകൊല്ലൽ സ്വദേശി അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാർട്ടുമെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നികിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് 'നീതി വൈകി' എന്ന തലക്കെട്ടോടെ ഒരു കുറിപ്പെഴുതിവെച്ചായിരുന്നു അതുലിൻ്റെ ആത്മഹത്യ. തന്റെ ആത്മഹത്യാക്കുറിപ്പ് നിരവധിയാളുകൾക്ക് അയച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയിൽ 'നീതി വൈകി' എന്ന് പ്ലാക്കാർഡിൽ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.