അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ തകരുന്നു; ബിജെപിയെ കുറ്റപ്പെടുത്തി അവധേഷ് പ്രസാദ്
പാവപ്പെട്ടവരിൽ നിന്ന് തട്ടിയെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു
ഉത്തർപ്രദേശ്: അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയാണെന്ന് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നിന്നുള്ള ലോക്സഭാംഗം അവധേഷ് പ്രസാദ്. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ക്ഷേത്ര നഗരത്തിൻ്റെ അവസ്ഥ തന്നിൽ വേദനയുളാവാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് എംപി ഇക്കാര്യം പറഞ്ഞത്.
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യയിൽ മാലിന്യം നിറഞ്ഞിരിക്കുന്നെന്നും ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശ്രീരാമൻ്റെ അന്തസ്സ് താഴ്ത്തുന്നെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയിൽ വെള്ളക്കെട്ടും രാം പഥിൽ കുഴികളും ഉണ്ടായ സാഹചര്യത്തിലാണ് പ്രസാദിൻ്റെ പരാമർശം.
ഈ വർഷം ആദ്യം ഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിൻ്റെ നിർമാണത്തിൽ അനാസ്ഥയുണ്ടെന്ന് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസും ആരോപിച്ചിരുന്നു. മഴക്കാലത്ത് മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്നതായും പരാതിയുണ്ട്.
'മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന റോഡുകളുടെ അവസ്ഥ കാണുന്നതിൽ തനിക്ക് വേദനയുണ്ട്. ഇത് കണ്ടാൽ ലോകത്തെ മുഴുവൻ മാലിന്യവും അയോധ്യയിലാണെന്ന് തോന്നും.'- അവധേഷ് പ്രസാദ് പറഞ്ഞു.
ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്‌റ്റേഷന്റെ മതിലും മഴയിൽ തകർന്നുവീണിട്ടുണ്ട്. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്. ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെയും പ്രസാദ് വിമർശിച്ചു. നഗരത്തിൻ്റെ വികസനത്തിനായി പാവപ്പെട്ടവരിൽ നിന്ന് തട്ടിയെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയാണ് സമാജ്‌വാദിയുടെ അവധേഷ് പ്രസാദ് വിജയിച്ചത്.