ഉപമുഖ്യമന്ത്രിയാകാൻ ഡി.കെ സമ്മതിച്ചതിന് പിന്നിൽ സോണിയ ഗാന്ധിയുടെ ഇടപെടൽ?
മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായിയിരുന്നു
ന്യൂഡൽഹി: അഞ്ചുദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് കർണാടക മുഖ്യമന്ത്രിയാരെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ശനിയാഴ്ച വൈകിട്ട് ചുമതലയേൽക്കും. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ തയാറായതോടെ ചർച്ചകൾ വിജയം കണ്ടത്. പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഡികെ ശിവകുമാർ സമ്മതിച്ചതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തന്റെ ആവശ്യത്തിൽ ഉറച്ചുനിന്ന ശിവകുമാറുമായി സോണിയാ ഗാന്ധി ബുധനാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു.തുടർന്നാണ് പ്രതിസന്ധി പരിഹരിക്കാൻ ഡി.കെ ഉറപ്പ് നൽകിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന് താൽപര്യം. എന്നാൽ വീതം വെപ്പാണെങ്കിലും ആദ്യടേം ലഭിക്കണമെന്ന ആവശ്യത്തിൽ ഡി.കെ ഉറച്ചുനിന്നതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായി.
രാഹുൽ ഗാന്ധിയെ ഇന്നലെ കണ്ടിറങ്ങിയ സിദ്ധരാമയ്യയുടെ സംഘം വിജയചിഹ്നം ഉയർത്തികാട്ടിയതും കർണാടകയിൽ ആഘോഷം തുടങ്ങിയിരുന്നു. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും പിന്നീട് ഡികെ ശിവകുമാറും മുഖ്യമന്ത്രി എന്നതായിരുന്നു തീരുമാനം.മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആസൂത്രണം ചെയ്ത സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചത്. വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ തനിക്കു ഒരു പ്രാധാന്യവും നൽകാതെ സിദ്ധരാമയ്യയെ ഏകപക്ഷീയമായി ഉയർത്തി കാട്ടിയ നടപടിയാണ് ശിവകുമാറിനെ ചൊടിപ്പിച്ചത്.
എന്നാൽ ബുധനാഴ്ച വൈകുന്നേരം ശിവകുമാറുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.രണ്ടാം ടെമിലെ ഡികെയെ മുഖ്യമന്ത്രിയാക്കുമെങ്കിലും ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല.ഇന്ന് വൈകിട്ട് 7 മണിക്ക് ചേരുന്ന എം.എൽ.എ മാരുടെ യോഗത്തിൽ ഔദ്യോഗികമായി തീരുമാനം അറിയിക്കും.
കഴിഞ്ഞയാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വമ്പിച്ച വിജയം നേടിയത്.