ബംഗളുരു കർണാടകയിലോ അതോ പാകിസ്ഥാനിലോ? കന്നഡയും ഇംഗ്ലീഷും അറിയാത്ത ഡെലിവറിബോയിക്കെതിരെ പ്രതിഷേധവുമായി യുവതി
പ്രദേശവാസികളിൽ ഹിന്ദിയും ഇംഗ്ലീഷും അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്നും യുവതി ആവശ്യപ്പെട്ടു
ബംഗളുരു: കന്നഡയും ഇംഗ്ലീഷും അറിയാത്ത ഡെലിവറി ബോയിയെ ബംഗളുരുവിൽ നിയമിച്ചതിനെതിരെ വിമർശനവുമായി യുവതി. പ്രദേശവാസികളിൽ ഹിന്ദിയും ഇംഗ്ലീഷും അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്നും സ്വിഗ്ഗിയോട് യുവതി ആവശ്യപ്പെട്ടു.
‘സ്വിഗ്ഗി, ബെംഗളൂരു കർണാടകയിലാണോ അതോ പാകിസ്ഥാനിലാണോ? നിങ്ങളുടെ ഡെലിവറിക്കാരന് കന്നഡ സംസാരിക്കാനോ മനസ്സിലാക്കാനോ പറ്റുന്നില്ല. ഇംഗ്ലീഷ് പോലുമറിയില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ ഭാഷയായ ഹിന്ദി പഠിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ഞങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങളുടെ ഡെലിവറി ബോയിക്ക് കന്നഡ അറിയാമെന്ന് ഉറപ്പാക്കുക’ എന്നായിരുന്നു ട്വീറ്റ്.
ട്വീറ്റിനെ അനുകൂലിച്ചും പ്രതികരിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡെലിവറി ആളിന്റെ ജോലി ഭക്ഷണം വിതരണം ചെയ്യുക എന്നതാണ്. അവർ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വരുന്നു. ഭക്ഷണം വിതരണം ചെയ്യാൻ അവർ കന്നഡ പഠിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം.
‘ഡെലിവറി കൃത്യസമയത്ത് നടക്കുന്നിടത്തോളം, ഡെലിവറി ബോയ്‌യുടെ ഭാഷ ആരാണ് ശ്രദ്ധിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതേസമയം,വെറുപ്പ് പ്രചരിപ്പിക്കാനുള്ള പ്രൊപ്പഗണ്ടയുടെ ഭാഗമാണ് യുവതിയുടെ പോസ്റ്റെന്ന് മറ്റൊരു വ്യക്തി പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ബെംഗളൂരു കന്നഡിഗരുടെതാണെന്നും കന്നഡ സംസാരിക്കാത്തവർ പുറത്തുള്ളവരാണെന്ന മറ്റൊരാളുടെ പോസ്റ്റ് സംസ്ഥാനത്ത് ചൂടൻ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. കർണാടകയിൽ പ്രദേശവാസികൾ പുറത്ത് നിന്നുള്ളവരോട് കാണിക്കുന്ന വേർതിരിവിനെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്.