സ്വന്തം നേട്ടത്തിനായി കേന്ദ്ര സർക്കാർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സോണിയ ഗാന്ധി
ചരിത്രപരമായ വസ്തുതകൾ സർക്കാർ തെറ്റായി ചിത്രീകരിക്കുകയാണ്
ഡല്‍ഹി: സ്വന്തം നേട്ടത്തിനായി സർക്കാർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചരിത്രപരമായ വസ്തുതകൾ സർക്കാർ തെറ്റായി ചിത്രീകരിക്കുകയാണ്. ഗാന്ധിയെയും നെഹ്രുവിനെയും അപമാനിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും സോണിയ വ്യക്തമാക്കി. സ്വാതന്ത്ര്യ സമര കാലത്ത് സേനാനികള്‍ നടത്തിയ ത്യാഗങ്ങളെ ഇകഴ്ത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
ചരിത്രപരമായ വസ്തുതകൾ വ്യാജമാക്കാനും ഗാന്ധി-നെഹ്രു-ആസാദ്-പട്ടേലിനെപ്പോലുള്ള നേതാക്കളെ അപകീർത്തിപ്പെടുത്താനുമുള്ള നാർസിസിസ്റ്റ് സർക്കാരിന്‍റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിർക്കും. കഴിഞ്ഞ 75 വർഷമായി, ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ നിപുണരായ ഇന്ത്യക്കാർ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചു. ഇന്ത്യയിലെ ദീർഘവീക്ഷണമുള്ള നേതാക്കൾ സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ അടിത്തറയിട്ടു. ശക്തമായ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും അവർ വ്യവസ്ഥകൾ ഉണ്ടാക്കി. വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലൂടെയും ഭാഷകളിലൂടെയും ഇന്ത്യ മഹത്തായ രാഷ്ട്രമെന്ന പ്രതിച്ഛായ ഉറപ്പിച്ചിട്ടുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.