ബിഹാറിൽ 32 മദ്രസ വിദ്യാർഥികളെ 14 മണിക്കൂർ തടങ്കലിലാക്കി ആർപിഎഫ്, നാട്ടുകാർ പ്രതിഷേധിച്ചതോടെ വിട്ടയച്ചു

മദ്രസ ഐഡി കാർഡുകളും പ്രവേശന സർട്ടിഫിക്കറ്റുമുണ്ടായിട്ടും വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത അധികൃതർ ഭക്ഷണമടക്കം നിഷേധിച്ചതായി പരാതി

Update: 2025-04-08 04:57 GMT
ബിഹാറിൽ 32 മദ്രസ വിദ്യാർഥികളെ 14 മണിക്കൂർ തടങ്കലിലാക്കി ആർപിഎഫ്, നാട്ടുകാർ പ്രതിഷേധിച്ചതോടെ വിട്ടയച്ചു
AddThis Website Tools
Advertising

പാട്ന: ചെറിയപെരുന്നാൾ അവധിക്ക് ശേഷം മദ്രസയിലേക്ക് മടങ്ങിയ 32 വിദ്യാർഥികളെയും ഒപ്പമുണ്ടായിരുന്ന രക്ഷിതാവിനെയും 14 മണിക്കൂർ തടങ്കലിലാക്കി ആർപിഎഫ്. ബിഹാറിലെ മായിഡ ബഭൻഗമ ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത 32 മുസ്‍ലിം വിദ്യാർത്ഥികളെയാണ് മൊകാമ റെയിൽവേ സറ്റേഷനിൽ നിന്ന് ആർപിഎഫ് കസ്റ്റഡിയിലെടുത്തത്.  ഭക്ഷണമടക്കം നിഷേധിച്ച അധികൃതർ കുട്ടികൾ മറ്റുള്ളവരുമായി സംസാരിക്കുന്നതിന് വില​ക്കുമേർപ്പെടുത്തി. 

ഗുജറാത്തിലെ സൂറത്തിലെ ജാമിയ സക്കറിയ മദ്രസയിലേക്ക് പോകുന്നതിനിടയിലാണ് കുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥികളുടെ വസ്ത്രം നോക്കിയാണ് അവരെ തടഞ്ഞുവെച്ചതെന്ന് ദൃക്സാക്ഷികളും കുടുംബാംഗങ്ങളും പറഞ്ഞു. പരമ്പരാഗത കുർത്തയും പൈജാമയുമായും തൊപ്പിയുമായിരുന്നു കുട്ടികളുടെ വേഷം. 

ഇവരെ ബാലവേലയ്ക്കായി കടത്തുകയാണെന്ന ആരോപിച്ചാണ് ആർ‌പി‌എഫ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ പഠിക്കുന്ന സ്ഥാപനത്തിന്റെ ഐഡി കാർഡുകളും മദ്രസ പ്രവേശന സർട്ടിഫിക്കറ്റുകളും കാണിച്ചിട്ടും അതൊന്നും പരിഗണിക്കാതെ കുട്ടികളെ തടങ്കലിലാക്കുകയായിരുന്നു.

‘കുട്ടികൾ കുടുംബത്തോടൊപ്പം ഈദ് ആഘോഷിച്ച ശേഷം സൂറത്തിലേക്ക് മടങ്ങുകയായിരുന്നു. എല്ലാ രേഖകളും കാണിച്ചിട്ടും, ആർ‌പി‌എഫ് വിദ്യാർത്ഥികളെയോ അവരുടെയൊപ്പമുണ്ടായിരുന്ന രക്ഷിതാവിനെയോ കേൾക്കാൻ തയ്യാറായില്ലെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും’ സംഭവസ്ഥലത്തുണ്ടായിരുന്ന കൈസർ റെഹാൻ പറഞ്ഞതായി ‘മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, കുട്ടികൾ കസ്റ്റഡിയിൽ ഇരിക്കുന്നത് കാണാം. ഭയന്നു കരഞ്ഞുവിളിച്ച വിദ്യാർത്ഥികളെ കാണാൻ ആരെയും അനുവദിക്കുകയോ, ഭക്ഷണം പോലും നൽകുകയോ ചെയ്തില്ലെന്നും സംഭവം അറിഞ്ഞെത്തിയവർ പറയുന്നു. ‘കുട്ടികൾ കരയുകയായിരുന്നു, അവർ ഒന്നും കഴിച്ചിരുന്നില്ല, അവർ ഭയന്നിരുന്നു’ പ്രദേശവാസിയായ ഒരാൾ പറഞ്ഞു. സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്കെത്തിയ പ്രദേശവാസിയായ താൻ പൊലീസിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമീൻ പറഞ്ഞു. ‘ഞങ്ങളോട് പോകാൻ പറഞ്ഞു, അല്ലെങ്കിൽ പട്നയിലേക്ക് കൊണ്ടുപോയി ജയിലിലടക്കുമെന്ന് പറഞ്ഞു, എന്നാൽ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഞങ്ങളെയും അറസ്റ്റ് ചെയ്യൂ എന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ആർപിഎഫ് ചർച്ചക്ക് തയ്യാറായത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷം വിദ്യാർത്ഥികളെയും ഒപ്പമുണ്ടായിരുന്ന രക്ഷിതാവിനെയും രാത്രി വൈകിയാണ് വിട്ടയച്ചത്.

‘ഞങ്ങൾ എല്ലാവരും കരയുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങാൻ ഞങ്ങൾ ആഗ്രഹിച്ചു’ എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ പ്രതികരണം. വേഷം നോക്കിയാണ് ആർപിഎഫ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രാഥമികമായ അന്വേഷണം പോലുമില്ലാതെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതിനും വിദ്യാർഥികളോട് മനുഷ്യത്വരഹിതമായ പെരുമാറിയതിനും ആർപിഎഫ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരും കു​ട്ടികളുടെ രക്ഷിതാക്കളും ആവശ്യപ്പെട്ടു.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News