ബിഹാറിന് കൈ നിറയെ, ആന്ധ്രക്ക് വട്ടപൂജ്യം; ചന്ദ്ര ബാബുവിനെ 'ട്രോളി' ആന്ധ്ര പ്രതിപക്ഷം
പതിനാറ് എംപിമാർ ഉണ്ടായിട്ടും അടിസ്ഥാന കാര്യങ്ങളിൽ നായിഡു തോറ്റുപോയെന്ന് പ്രതിപക്ഷം


അമരാവതി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ഭരണകക്ഷിയായിട്ടും തെലങ്കാനക്ക് വേണ്ട വിധം ബജറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആന്ധ്ര പ്രതിപക്ഷം വൈഎസ്ആർസിപി. സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ബിഹാറിലേക്ക് ബജറ്റ് ആനുകൂല്യങ്ങൾ അധികവും പോയതായും പ്രതിപക്ഷം ആരോപിച്ചു.
കേന്ദ്രത്തിലെ ഭരണകക്ഷിയായിട്ടും ആന്ധ്രക്ക് വേണ്ടി ഒന്നും കൊണ്ടുവരാൻ ചന്ദ്രബാബുബിന് സാധിച്ചില്ലെന്ന് വൈഎസ്ആർസിപി നേതാവ് കാർത്തിക് എല്ലപ്രഗഡ. ടിഡിപിയെ പോലെ ഭരണകക്ഷിയായ നിതീഷ് കുമാറിൻ്റെ സംസ്ഥാനത്തിന് ഇത്രയധികം ആനുകൂല്യങ്ങൾ എങ്ങനെയാണ് ലഭിച്ചതെന്നും കാർത്തിക് ചോദിച്ചു. പതിനാറ് എംപിമാർ ഉണ്ടായിട്ടും അടിസ്ഥാന കാര്യങ്ങളിൽ നായിഡു തോറ്റുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറിന് വേണ്ടി നിരവധി വികസനപദ്ധതികളാണ് ബജറ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. ഗ്രീൻഫീൽഡ് എയർപോർട്ടുകൾ, പട്‌ന എയർപോർട്ടിൻ്റെ വിപുലീകരണം, മഖാന ബോർഡ്, പശ്ചിമ കോസി കനാൽ ഇആർഎം പ്രോജക്ട് തുടങ്ങിയവയ്ക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. അതേസമയം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ ആന്ധ്രാപ്രദേശിന് വിഹിതം ലഭിച്ചിട്ടില്ല.
അതേസമയം, ബഡ്ജറ്റിനെ പ്രശംസിച്ചുകൊണ്ടാണ് ചന്ദ്രബാബു രംഗത്തുവന്നത്. ഇത്തവണത്തെ ബജറ്റ് പ്രധാനമന്ത്രിയുടെ വികാസ് ഭാരതിനെ ലക്ഷ്യമിട്ടാണെന്നും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും കർഷകരുടെയും ക്ഷേമമാണ് ഉയർത്തിപിടിക്കുന്നതെന്നും ചന്ദ്രാബാബു എക്സിൽ കുറിച്ചു. മോദി സർക്കാരിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള ആറ് മേഖലകളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.