ബിൽക്കിസ് ബാനു കേസ്; സർക്കാർ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് വിമർശനം, പ്രതിഷേധം കനക്കുന്നു
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഗോദ്ര സബ് ജയിലിൽ നിന്ന് പ്രതികളുടെ മോചനം.
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവിൽ കഴിയുകയായിരുന്ന പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ നീക്കമെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. തീരുമാനം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ബിൽക്കിസ് ബാനുവിന്റെ ബന്ധുക്കളും പ്രതികരിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗർഭിണിയായ 19കാരിയായ ബിൽക്കിസ്ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച 11 പ്രതികളെയാണ് വിട്ടയച്ചത്. പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടിക്ക് പിന്നാലെയായിരുന്നു മോചനം. കേട്ട് കേൾവി ഇല്ലാത്ത നടപടിയാണ് സർക്കാരിന്റെത് എന്നായിരുന്നു വിധിക്ക് പിന്നാലെ ഉയർന്ന വിമർശനം.
സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക ദിനത്തിൽ മോചനം നൽകിയതും ഗൗരവം വർദ്ധിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഗോദ്ര സബ് ജയിലിൽ നിന്ന് പ്രതികളുടെ മോചനം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണം എന്നാണ് ആവശ്യം. അതേസമയം, സ്വാതന്ത്ര്യ ദിനത്തിൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് മോചനം നൽകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഈ 11 പേരുടെ കാര്യത്തിൽ കേന്ദ്ര നിർദേശം ഗുജറാത്ത് സർക്കാർ അവഗണിക്കുകയായിരുന്നു.അതേസമയം, സർക്കാരിന്റെ തീരുമാനം ഭയപ്പെടുത്തുന്നതാണ് എന്നായിരുന്നു ബിൽക്കീസ് ബാനുവിന്റെ ബന്ധുക്കളുടെ പ്രതികരണം.