തെരഞ്ഞെടുപ്പ് തോല്‍വി; 'അയോധ്യ കത്തിച്ച്' ബി.ജെ.പി പ്രവർത്തകന്റെ രോഷപ്രകടനം
അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ എസ്.പിയുടെ അവദേശ് പ്രസാദ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ യു.പിയിൽ ബി.ജെ.പി പ്രവർത്തകൻ രോഷമടക്കിയത് അയോധ്യ രൂപം കത്തിച്ച്. ബി.ജെ.പിയുടെ ഷാൾ അണിഞ്ഞുകൊണ്ടാണു പ്രവർത്തകൻ അയോധ്യ എന്ന് എഴുതിയ രൂപം കത്തിക്കുന്നത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ ബി.ജെ.പി തോറ്റിരുന്നു. രാമക്ഷേത്രം പ്രധാന ആയുധമാക്കിയിട്ടും സംസ്ഥാനത്തും പാർട്ടി വൻ തിരിച്ചടിയാണു നേരിട്ടത്.
അഭിഭാഷകനായ മനീഷ് കുമാർ എന്നയാളാണ് ബി.ജെ.പി പ്രവർത്തകന്റെ രോഷപ്രകടനത്തിന്റെ വിഡിയോ എക്‌സിൽ പങ്കുവച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാനറും പിടിച്ച്, ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരെഴുതിയാണ് തീകൊളുത്തിയിരിക്കുന്നത്. പരാജയത്തിന്റെ വേദന അത്രയും ആഴത്തിലുള്ളതാണ്. ഇയാളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും യു.പി, അയോധ്യ പൊലീസിനെ ടാഗ് ചെയ്ത് മനീഷ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
സംഭവത്തില്‍ അയോധ്യ പൊലീസ് പ്രതികരിച്ചിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതായി ഇതേ വിഡിയോയ്ക്കു താഴെ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ പൊലീസ് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
ഫൈസാബാദിലെ ബി.ജെ.പി പരാജയത്തിനു പിന്നാലെ മുസ്‌ലിം വേഷത്തിലെത്തി ഹിന്ദുക്കളെ അധിക്ഷേപിച്ചയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ധീരേന്ദ്ര രാഘവ് എന്നയാളാണ് പിടിയിലായത്. ന്യൂ ആഗ്ര പൊലീസാണ് ഇയാളെ മതസൗഹാർദം തകർക്കൽ, വിദ്വേഷം പ്രചാരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിൽനിന്നുള്ള പ്രമുഖ യൂട്യൂബറും ബി.ജെ.പി പ്രവർത്തകനുമായ പവൻ സാഹുവും അയോധ്യയിലെ ഹിന്ദു വോട്ടർമാരെ അധിക്ഷേപിച്ചു രംഗത്തെത്തിയിരുന്നു. മറ്റു ഹിന്ദുക്കളെ എതിർക്കുന്ന ഹിജഡകളാണ് അയോധ്യയിലുള്ളതെന്ന് ഇയാൾ വിഡിയോയിൽ ആക്ഷേപിച്ചു. ഹിന്ദുക്കളായിട്ടും നിങ്ങൾ ഹിന്ദുക്കളെ എതിർത്തു. രണ്ടുരൂപ മാത്രം വിലയുള്ള ഹിന്ദുക്കളായ നിങ്ങൾ എങ്ങനെ ജീവിതവും ധർമവും സംരക്ഷിക്കണമെന്ന് സിഖുകാരിൽനിന്നും മുസ്‌ലിംകളിൽനിന്നും പഠിക്കണമെന്നും പവൻ സാഹു പറഞ്ഞു. യൂട്യൂബിൽ 25 മില്യൺ സബ്‌സ്‌ക്രൈബർമാരുള്ള ഇൻഫ്‌ളുവൻസറാണ് സാഹു.
രാമാനന്ദ് സാഗറിന്റെ ടി.വി ഷോയായ രാമായണത്തിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്രിയും അയോധ്യയിലെ തോൽവിയിൽ നിരാശ പങ്കുവച്ചിരുന്നു. അയോധ്യയിലെ ജനങ്ങളെ സ്വാർഥരെന്ന് വിളിച്ച ലാഹ്രി രാമക്ഷേത്രം നിർമിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബി.ജെ.പിയെ മണ്ഡലത്തിൽ തെരഞ്ഞെടുക്കാത്തതിന് വോട്ടർമാരെ ആക്ഷേപിക്കുകയും ചെയ്തു. വനവാസത്തിൽനിന്നു മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യയിലെ പൗരന്മാരാണെന്ന് ഞങ്ങൾ മറന്നെന്നായിരുന്നു ആക്ഷേപം.
ഫൈസാബാദിൽ സമാജ്‌വാദി പാർട്ടിയുടെ അവദേശ് പ്രസാദ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എം.പിയായ ബി.ജെ.പിയുടെ ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്. അവദേശിന് 5.54 ലക്ഷം വോട്ട് ലഭിച്ചപ്പോൾ 4.99 ലക്ഷം വോട്ടുമായി രണ്ടാം സ്ഥാനത്താകുകയായിരുന്നു ലല്ലു സിങ്. ബി.എസ്.പിയും സി.പി.ഐയും അഞ്ച് സ്വതന്ത്രരും ഉൾപ്പെടെ മറ്റു 11 പേരും മത്സരരംഗത്തുണ്ടായിട്ടും ബി.ജെ.പിക്ക് ഇവിടെ സീറ്റ് നിലനിർത്താനായില്ല.
യു.പിയിൽ 64ൽനിന്ന് 36ലേക്കു കൂപ്പുകുത്തിയിരുന്നു എൻ.ഡി.എ. ഇൻഡ്യ സഖ്യം 43 സീറ്റും പിടിച്ചു. യു.പിയിലെ പ്രകടനം ബി.ജെ.പി നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
Summary: Man wearing BJP scarf sets fire to 'Ayodhya' figurine after defeat in Faizabad in Lok Sabha elections 2024