എതിര്‍പ്പ് പരസ്യമാക്കി ആര്‍.എസ്.എസ് വാരികയും; മഹായുതി സഖ്യം വിടാന്‍ അജിത് പവാറിനു 'സൂചന' നല്‍കി ബി.ജെ.പി

എന്‍.സി.പിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിക്കുന്ന ലേഖനം ആര്‍.എസ്.എസ് മറാഠി വാരികയായ 'വിവേകി'ന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Update: 2024-07-17 16:27 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: പ്രമുഖ നേതാക്കളുടെ കൂടുമാറ്റത്തിനു പിന്നാലെ അജിത് പവാര്‍ എന്‍.സി.പിക്കു മുന്നില്‍ പുതിയ വെല്ലുവിളി. മഹാരാഷ്ട്രയിലെ മഹായുതി സഖ്യം വിടാന്‍ ബി.ജെ.പി അജിത് പവാറിനു സൂചന നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്‍.സി.പിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മറാഠി വാരികയായ 'വിവേകി'ല്‍ ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണു പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്നണിയില്‍നിന്നു പുറത്തുപോകേണ്ടിവന്നാല്‍ അജിത് പവാറിന്റെ രാഷ്ട്രീയ ഭാവിയില്‍ തന്നെ ഇരുളടയുമെന്നുറപ്പാണ്. 2023ല്‍ അജിത് പവാറിനെയും ഒരുവിഭാഗം എന്‍.സി.പി എം.എല്‍.എമാരെയും അടര്‍ത്തിയെടുത്ത് തങ്ങള്‍ക്കൊപ്പം ചേര്‍ത്ത ബി.ജെ.പി ഓപറേഷനെ വിവേകിലെ ലേഖനം വിമര്‍ശിക്കുന്നുണ്ട്. ഈ നീക്കത്തിനുശേഷം സംസ്ഥാനത്തെ പൊതുവികാരം പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. ഇതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന്റെ നിരാശാജനകമായ പ്രകടനത്തിലേക്കു നയിച്ചതെന്നുമാണ് ലേഖനത്തില്‍ വാദിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എന്തു വില കൊടുത്തും ജയിക്കണമെന്നുറപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി നടത്തുന്നത്. എന്നാല്‍, അജിത് പവാറുമായുള്ള ബന്ധം മുന്നണിയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമെന്ന പൊതുവികാരം പാര്‍ട്ടിക്കകത്തുണ്ട്. അജിത് പവാര്‍ സഖ്യത്തില്‍ തുടര്‍ന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭയിലും ആവര്‍ത്തിച്ചേക്കുമെന്ന ഭീതി മഹായുതി സഖ്യത്തിലുണ്ടെന്ന് എന്‍.സി.പി ശരദ് പവാര്‍ പക്ഷം വക്താവ് ക്ലൈഡ് ക്രാസ്റ്റോ വാദിച്ചു.

അജിത് പവാര്‍ എന്‍.സി.പിക്കും ബി.ജെ.പിക്കും ഇടയില്‍ വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എസ്.എസ് വാരികയില്‍ ഇന്ന് ലേഖനം പ്രസിദ്ധീകരിച്ചതെന്നും നേതാക്കള്‍ കരുതുന്നുണ്ട്. ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഖ്യം വിടാന്‍ പവാറിനോട് ആവശ്യപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ക്ലൈഡ് ക്രാസ്റ്റോ പറയുന്നു. എത്രയും പെട്ടെന്ന് മുന്നണി വിടാന്‍ പവാറിനു നല്‍കിയ പരോക്ഷ സൂചനയാണിത്. ഇതിനുമുന്‍പും സമാനമായ ഉള്ളടക്കത്തോടെ എന്‍.സി.പി ബന്ധത്തെ വിമര്‍ശിച്ച് വിവേകില്‍ ലേഖനം വന്നിരുന്നു.

അജിത് പവാറിനെ മുന്നണിയിലെത്തിച്ചത് ബി.ജെ.പിക്ക് തലവേദനയായിട്ടുണ്ടെന്ന് ക്ലൈഡ് ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയില്‍ നിരവധി സീറ്റുകള്‍ നഷ്ടമായി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിലവിലെ യാഥാര്‍ഥ്യമാണിത്. എന്‍.സി.പിയുമായും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയുമായും ബി.ജെ.പി കൂട്ടുകൂടിയത് ജനം അംഗീകരിച്ചിട്ടില്ലെന്നും ക്ലൈഡ് ക്രാസ്റ്റോ വാദിച്ചു.

ബി.ജെ.പി അംഗങ്ങളായവര്‍ക്കും സംഘ്പരിവാര്‍ പാര്‍ട്ടികളുമായി ബന്ധമുള്ളവര്‍ക്കുമൊന്നും എന്‍.സി.പി സഖ്യത്തെ ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് ആര്‍.എസ്.എസ് വാരികയിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യവസായികള്‍, വ്യാപാരികള്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, അധ്യാപകര്‍ തുടങ്ങി 200ലേറെ പേരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ലേഖനം തയാറാക്കിയതെന്നും ഇതില്‍ അവകാശപ്പെടുന്നുണ്ട്. ബി.ജെ.പി എന്‍.സി.പിയുമായി കൂട്ടുകൂടിയതിലെ അമര്‍ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെന്നും ലേഖനത്തില്‍ പറയുന്നു.

2019ല്‍ 23 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ വെറും ഒന്‍പത് സീറ്റിലേക്കാണു ചുരുങ്ങിയത്. ഷിന്‍ഡെ സേന ഏഴ് സീറ്റ് ലഭിച്ചപ്പോള്‍ അജിത് പവാര്‍ എന്‍.സി.പിക്ക് ഒരൊറ്റ സീറ്റിലാണു ജയിക്കാനായത്.

2019 നവംബര്‍ മുതല്‍ 2022 ജൂണ്‍ വരെ മഹാരാഷ്ട്ര ഭരിച്ച ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സര്‍ക്കാരിനെ ഓപറേഷന്‍ താമരയിലൂടെ അട്ടിമറിക്കുകയായിരുന്നു ബി.ജെ.പി. സേന നേതാവായിരുന്ന ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തായിരുന്നു ബി.ജെ.പി അധികാരം തട്ടിയെടുത്തത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. അധികം വൈകാതെ എന്‍.സി.പിയില്‍നിന്ന് അജിത് പവാറിനെയും മുന്നണിയിലെത്തിച്ച് പ്രതിപക്ഷ ക്യാംപിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കി ബി.ജെ.പി. എന്നാല്‍, ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്കെല്ലാമുള്ള കനത്ത തിരിച്ചടിയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനമാണ് എം.വി.എ സഖ്യം കാഴ്ചവച്ചത്. ആകെ 48 സീറ്റില്‍ 31ഉം സഖ്യം നേടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനു വന്‍ തിരിച്ചടി നല്‍കി. കോണ്‍ഗ്രസ് 13 ഇടത്ത് ജയിച്ചപ്പോള്‍ ഉദ്ദവ് സേന ഒന്‍പതും ശരത് പവാര്‍ പക്ഷം എന്‍.സി.പി എട്ടും സീറ്റുകള്‍ സ്വന്തമാക്കി.

Summary: BJP subtly asking Ajit Pawar to exit ‘Mahayuti’, claims NCP(SP) after RSS-linked weekly’s article

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News