തമ്മിലടി തിരിച്ചടിച്ചോ? രാജസ്ഥാൻ 'കൈ'വിടുന്നു; ആഘോഷം തുടങ്ങി ബി.ജെ.പിക്കാര്‍
അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു
ജയ്പൂർ: രാജസ്ഥാനെ കൈവിട്ട് കോൺഗ്രസ്. വോട്ടെണ്ണൽ രണ്ടരമണിക്കൂർ പിന്നിടുമ്പോൾ ശക്തമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്. 104 സീറ്റിൽ വ്യക്തമായ ലീഡ് നിലയാണ് ബി.ജെ.പി ഉയർത്തിയിരിക്കുന്നത്. 74 സീറ്റിൽ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ തർക്കങ്ങൾ പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ആഭ്യന്തര തമ്മിലടി കോൺഗ്രസിന് തിരിച്ചടി നൽകിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന ഫലസൂചനകൾ നൽകുന്നത്.
ഇതിനെല്ലാം പുറമെ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി അജിത് സിംഗാണ് മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സച്ചിനും അജിത് സിംഗും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സച്ചിൻ 2018 ലെ തെരഞ്ഞെടുപ്പിൽ 50,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ടോങ്കിൽ നിന്ന് വിജയിച്ച് കയറിയത്. രാജസ്ഥാനിൽ വിജയം ഉറപ്പിച്ച് ബി.ജെ.പി പ്രവർത്തകർ പാർട്ടി ഓഫീസുകളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അതേസമയം, രാജസ്ഥാനിൽ രണ്ടിടത്ത് സി.പി.എം മുന്നിലാണ്. മറ്റുള്ളവർ 13 സീറ്റിലും മുന്നിലുണ്ട്.
രാജസ്ഥാൻ നിയമസഭയിൽ 200 സീറ്റുകളാണുള്ളത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനെത്തുടർന്ന് ശ്രീഗംഗാനഗറിലെ കരണാപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. 100 സീറ്റ് നേടിയായിരുന്നു 2018ൽ കോൺഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബിജെപിയും നേടിയത്.100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
നവംബർ 25നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാൾ കൂടുതലായിരുന്നു. 2018 ൽ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നതെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. മൂന്ന് എക്സിറ്റ് പോളുകൾ രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു.